BUSINESS

കേരളത്തെ ചേർത്തുപിടിച്ച് ടാറ്റ; ‘സ്വർണത്തിന്’ പിന്നാലെ ഇനി കപ്പലും, കേരളത്തിൽ 10,000 കോടി നിക്ഷേപിക്കുമെന്ന് വി.ഡി.സതീശൻ


തിരുവനന്തപുരം∙ കപ്പൽ നിർമാണ മേഖലയിൽ കേരളത്തിൽ വൻ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ടാറ്റയുടെ അപേക്ഷ വിശദമായി പരിശോധിച്ച് ഭൂമി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കും. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ചു മാത്രമേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.തൃശൂർ ആസ്ഥാനമായ സ്വർണപ്പണയ വായ്പാക്കമ്പനിയായ യോഗക്ഷേമം ലോൺസിനെ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റ ക്യാപിറ്റൽ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് കഴിഞ്ഞദിവസമായിരുന്നു. ടാറ്റ ആദ്യമായി ഗോൾഡ് ലോൺ മേഖലയിലേക്ക് ചുവടുവയ്ക്കുക കൂടിയാണ് അതിലൂടെ. കേരളക്കമ്പനിയെ ഏറ്റെടുത്ത ടാറ്റയുടെ നീക്കം ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നലെയാണ് ഇപ്പോൾ കപ്പൽ നിർമാണ രംഗത്ത് കേരളത്തിൽ വമ്പൻ നിക്ഷേപത്തിനുള്ള ടാറ്റയുടെ നീക്കം.കേരളത്തെ കടൽശക്തിയാക്കാൻ ‘മിഷൻ സമുദ്ര’ പദ്ധതി വി.ഡി.സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞത്ത് മദർഷിപ് നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പൽശാല സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർ നടപടികളിലേക്കായി ആവേശപൂർവം കാതോർക്കുകയാണ് കേരളത്തിലെ നിക്ഷേപകർ. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ടാറ്റയുടെ രംഗപ്രവേശന സാധ്യതയെന്നതും ശ്രദ്ധേയം.


Travel ⏭️

Back to top button