LIFESTYLE

ക്ളാസിക്, ബ്രേക്ക്, ഒപ്പന, തിരുവാതിര തുടങ്ങിയ നൃത്തയിനങ്ങൾ കസേരയിലിരുന്ന് അവതരിപ്പിക്കും, കയ്യടി നേടി അഷ്ടമി


അഷ്ടമി

തിരുവനന്തപുരം: അഷ്ടമിക്ക് നൃത്തവേദിയിൽ കയറിയാൽ ചിറക് മുളയ്ക്കും. സംഗീതം അവളുടെ മുഖഭാവം മാറ്റും. കൈമുദ്രകളിലും ഭാവം,​ താളം. സംഗീതവും കലയും നൽകിയ കുഞ്ഞുചിറകുമായി മാലാഖയെപ്പോലെ​ വേദികളിൽ നിന്ന് വേദികളിലേക്ക് അവൾ സഞ്ചരിക്കും.

ഗർഭാവസ്ഥയിൽതന്നെ കുഞ്ഞുങ്ങളുടെ നട്ടെല്ലിനെ ഗുരുതരമായി ബാധിക്കുന്ന മെനിഞ്ജോ മൈലോസിൽ എന്ന അവസ്ഥയാണ് പേട്ട റെയിൽവേ ലൈനിൽ തിരുവാതിര ഭവനിൽ അഷ്ടമിക്ക് (11)​. കാലുകൾ മനസിനൊത്ത് ചലിക്കില്ല. പക്ഷേ ക്ളാസിക്, ബ്രേക്ക്, ഒപ്പന, തിരുവാതിര തുടങ്ങി നൃത്തരൂപങ്ങൾ കസേരയിൽ ഇരുന്ന് അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തും.

രണ്ടാം ക്ലാസ് മുതൽ കലോത്സവ വേദികളിലുണ്ട്. നിരവധി ചാനൽ പരിപാടികളിലും നൃത്ത വേദികളിലും കുഞ്ഞുനക്ഷത്രമായി. വനിതാ ശിശു വികസന സമിതിയുടെ ഉജ്ജ്വല ബാല്യ പുരസ്കാരം, ശിശു സംരക്ഷണ സംഘടനയുടെ താര ബാല്യം പുരസ്‌കാരം ഉൾപ്പെടെ അൻപതിലധികം പുരസ്കാരങ്ങൾ തേടിയെത്തി. പേട്ട ഗവ. വി.എച്ച്.എസ്.എസിലെ ആറാം ക്ളാസ് വിദ്യാർത്ഥിയാണ്.

ഏതാണ്ട് 75 ശതമാനവും രോഗം പിടികൂടിയതോടെ മൂന്ന് സർജറികൾ ചെയ്ത് ആരോഗ്യത്തിലേക്ക് തിരിച്ചെത്തി. വൈകല്യങ്ങൾക്കിടയിലും, പഠനത്തിലും മികവ് പുലർത്തുന്നു. കഴിഞ്ഞ സബ് ജില്ലാ കലോത്സവത്തിൽ മാപ്പിള ഗാനാലാപനത്തിന് എ ഗ്രേഡ് നേടി. നന്നായി ചിത്രവും വരയ്ക്കും.

വേദിയിലേക്ക് കൈപിടിച്ച് അദ്ധ്യാപിക

മറ്റ് കുട്ടികൾ നൃത്തം ചെയ്യുന്നത് കണ്ട് കസേരയിൽ ഇരുന്ന് ഏഴുവയസുള്ള കുഞ്ഞുകുട്ടി വല്ലാതെ ആടുന്നത് സവിത ടീച്ചറാണ് കണ്ടത്. അവളുടെ കുഞ്ഞുസങ്കടങ്ങൾ കണ്ടപ്പോൾ നൃത്ത രംഗത്തേക്ക് കൈപിടിക്കുകയെന്നത് അദ്ധ്യാപികയുടെയും വാശിയായി. സമഗ്രശിക്ഷ നോർത്ത് യു.ആർ.സിയിൽ സ്പെഷ്യൽ എഡ്യൂകേറ്ററാണ് സവിത. നിയമം പഠിച്ച് വക്കീലാകണമെന്നതാണ് ഇപ്പോഴത്തെ മോഹം. പ്ളാനിംഗ് ബോർ‌‌‌ഡിൽ യു.ഡി. ടെപ്പിസ്റ്റായ അച്ഛൻ പ്രവീണും അമ്മ ശരണ്യയും എല്ലാറ്റിനും ഒപ്പമുണ്ട്.

English Summary

Eleven-year-old Ashtami from Thiruvananthapuram, who has meningomyelocele affecting her mobility, has overcome challenges through dance, music, and academics. Performing seated in various dance forms, she has won over 50 awards, excelled in school and arts festivals, and continues to inspire with her determination and talent despite multiple surgeries.
RELATED TOPICS: ASHTAMI DANCER, MENINGOMYELOCELE, അഷ്ടമി നർത്തകി, WHEELCHAIR DANCE KERALA, INSPIRATIONAL CHILD KERALA


News ⏭️

Back to top button