BUSINESS

ഈ വർഷം ശമ്പളം കൂട്ടില്ലെന്ന് ജീവനക്കാരോട് ശ്രീധർ വെമ്പു; ‘ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം’, പിരിച്ചുവിടൽ ഒഴിവാക്കാൻ ശ്രമം


ജീവനക്കാർക്ക് ഈ വർഷം ശമ്പള വർധനയുണ്ടാവില്ലെന്ന് വ്യക്തമാക്കി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു. നിർമിത ബുദ്ധി (എഐ) സംബന്ധമായ ചെലവ് കുത്തനെ കൂടിയതും ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഭാവി ബിസിനസ് പ്രതീക്ഷകൾക്കുമേൽ‌ മങ്ങലേൽപ്പിക്കുന്നതുമാണ് കാരണമായി അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. സോഹോ ജീവനക്കാർക്ക് ഓരോ വർഷവും ലഭിക്കുന്ന ശമ്പള വർധനയാണ് ഇക്കുറി വേണ്ടെന്നുവച്ചത്. എഐ മൂലം പ്രവർത്തനച്ചെലവ് കുത്തനെ കൂടിയെന്നും സോഫ്റ്റ്‍വെയർ രംഗത്ത് ജോലികൾ അനിശ്ചിതാവസ്ഥയിലാണെന്നും ശ്രീധർ വെമ്പു പറഞ്ഞു. ഡേറ്റ സെന്ററുകളിൽ സെർവറുകകൾ സ്ഥാപിക്കാനുള്ള ചെലവ് കൂടിയത് 4 മടങ്ങാണ്. ശമ്പള വർധന വേണ്ടെന്നുവച്ചതിൽ ജീവനക്കാരോട് താൻ ക്ഷമ ചോദിച്ചെന്നും സാഹചര്യം ജീവനക്കാർക്ക് മനസ്സിലായിട്ടുണ്ടെന്നും ശ്രീധർ വെമ്പു വ്യക്തമാക്കി. കഴിഞ്ഞ 18 മാസമായി സോഹോയിൽ ജീവനക്കാരുടെ എണ്ണം കൂട്ടിയിട്ടില്ല. ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കകയാണെന്നും ശ്രീധർ വെമ്പു പറഞ്ഞു. സോഹോയിൽ അടിമുടി പരിഷ്കരണത്തിന് ശ്രമിക്കുകയാണെന്നും 3-5 വർഷത്തിനകം അതു വിജയിച്ചോയെന്ന് വ്യക്തമാകുമെന്നും ട്വീറ്റിൽ പറഞ്ഞ ശ്രീധർ വെമ്പു ‘‘ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം’’ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് X/Indian Gemsൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Travel ⏭️

Back to top button