NEWS
‘അയാൾ സംശയരോഗി, നിരന്തരം പീഡനം, എല്ലാം വന്നിട്ട് പറയാം’; ഹോം സ്റ്റേയിൽ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

ഡെറാഡൂൺ∙ മസൂറിയിലെ ഹോം സ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിശാഖപട്ടണം സ്വദേശിയായ ശ്രീചരൺ ആണ് പിടിയിലായത്. കൊലപാതകം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രാധ ഗായത്രി എന്ന 27 വയസ്സുകാരിയെ ആണ് ജൂൺ 15ന് ഹോം സ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഡൽഹി നിവാസികളായ ദമ്പതികൾ കഴിഞ്ഞ മാസം 14ന് ഋഷികേശിലേക്ക് യാത്ര തിരിച്ചു. രാത്രിയോടെ മസൂറിയിലെ ഹോം സ്റ്റേയിൽ എത്തി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നത് കണ്ടു എന്നാണ് ശ്രീചരൺ പോലീസിനോടു പറഞ്ഞത്. മൂക്കിൽ നിന്ന് രക്തം വരുന്നതായി താൻ കണ്ടു എന്നും എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ലെന്നുമായിരുന്നു ശ്രീചരണിന്റെ മൊഴി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരണകാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. രാധയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ഫൊറൻസിക് സംഘം പരിശോധന നടത്തിയെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഡെറാഡൂൺ പൊലീസ് പറഞ്ഞു.
Source link


