NEWS
ഇതോ ആദരം? നടൻ മുരളി സ്മാരക കലാപഠന കേന്ദ്രം പാതിവഴിയിൽ, നിർമാണം തുടങ്ങിയിട്ട് 12 വർഷം

കൊട്ടാരക്കര ∙ ആദരവോടെ ഓർക്കേണ്ട മഹാനടനെ അവഗണനയിലേക്കു തള്ളി ജന്മനാട്ടിൽ നോക്കുകുത്തിയായി ഒരു സ്മാരകം. കുടവട്ടൂരിൽ 12 വർഷം മുൻപു നിർമാണം ആരംഭിച്ച നടൻ മുരളി സ്മാരക കലാപഠന കേന്ദ്രം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. 2013 ഓഗസ്റ്റ് 6ന് അന്നത്തെ മന്ത്രി കെ.സി.ജോസഫാണു കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തത്. പി.അയിഷപോറ്റി എംഎൽഎ ആയിരുന്നു അധ്യക്ഷ.നടൻ മുരളിയുടെ നാട്ടിൽ അഭിനയ പഠന കേന്ദ്രവും സാംസ്കാരിക നിലയവും എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. കെട്ടിടത്തിന്റെ സ്ട്രക്ചർ മാത്രം പൂർത്തിയാക്കി. 70 ലക്ഷം രൂപ ചെലവിട്ടു നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 10 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നു സംഘാടകർ പറയുന്നു. വൈദ്യുതിയും വെള്ളവുമില്ല. കെട്ടിടത്തിന്റെ മുകളിൽ ഒരു നില കൂടി നിർമിക്കണം. വർഷങ്ങളായി ഒരു നടപടിയും ഇല്ല. തുടർനിർമാണത്തിനു വെളിയം ഗ്രാമപ്പഞ്ചായത്ത് ഉടൻ ഫണ്ട് അനുവദിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Source link


