LIFESTYLE

മഴ തകർക്കുന്നു: വീടോ ഫ്ലാറ്റോ വാങ്ങാൻ ഇതാണ് നല്ല സമയം; കാരണമുണ്ട്


വീടോ കെട്ടിടമോ പണിയേണ്ടി വന്നാൽ മഴക്കാലം അതിന് പറ്റിയ സമയമല്ലെന്ന് പൊതുവേ വിലയിരുത്തപ്പെടാറുണ്ട്. കുഴികളിൽ വെള്ളം നിറയുന്നത് മൂലം ഫൗണ്ടേഷൻ ജോലികൾക്കും തുടർച്ചയായ മഴമൂലം കോൺക്രീറ്റിങ്ങിനും തടസ്സം നേരിടുന്നതിനാലാണിത്. എന്നാൽ ഒരു അപ്പാർട്ട്മെന്റ് തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ കാലം ഏതാണെന്ന് ചോദിച്ചാൽ റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ മറുപടി അത് മഴക്കാലം തന്നെ എന്നാവും. കാരണം ഒരു കെട്ടിടത്തിന്റെ യഥാർത്ഥ ഗുണനിലവാരം അളക്കാൻ മഴക്കാലം സഹായിക്കും.കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലുണ്ടായ ശക്തമായ മഴ കോടികൾ വിലമതിപ്പുള്ള അപ്പാർട്ട്മെന്റുകളിലെ ജീവിതം പോലും പ്രതികൂല കാലാവസ്ഥകളിൽ എത്തരത്തിലുള്ളതാണെന്നതിന് തെളിവാകുന്നുണ്ട്. പല വൻകിട റെസിഡൻഷ്യൽ പ്രോജക്റ്റുകളിലും പരിസരങ്ങളിലും വെള്ളം ഒഴുകുന്നതിന്റെയും ബേസ്മെന്റിലെ വെള്ളക്കെട്ടുകളുടെയും ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രീമിയം റസിഡൻഷ്യൽ പദ്ധതികൾ പോലും മൺസൂൺ വെല്ലുവിളികളിൽ പ്രതിസന്ധിയിലാവുന്നുണ്ടെന്നതിന് ഉദാഹരണമാണിത്.റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ നിർമിതിയുടെയും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും പരിസരങ്ങളുടെയും യഥാർഥ അവസ്ഥ വിലയിരുത്താൻ അനുയോജ്യമായ സമയം മൺസൂൺ തന്നെയാണ്. ബേസ്മെന്റിൽ വെള്ളം കയറൽ, ചോർച്ച, മോശം ഡ്രെയിനേജ്, ജനാലകൾ ചോരുന്നത്, ഭിത്തികളിൽ നനവ് തങ്ങുന്നത്, ലിഫ്റ്റുകളുടെ തകരാർ, അപര്യാപ്തമായ വാട്ടർപ്രൂഫിങ് തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും കനത്ത മഴക്കാലത്ത് മാത്രമേ പ്രകടമാകൂ.പൊതുവേ തെളിഞ്ഞ കാലാവസ്ഥകളിൽ ഒളിഞ്ഞിരിക്കുന്ന ഈ പ്രശ്നങ്ങളെല്ലാം വിലയിരുത്തി വീടുവാങ്ങാൻ മഴക്കാലം ഉപകരിക്കുന്നു. വീടിന്റെ ഗുണനിലവാരം മാത്രമല്ല പരിസരങ്ങളിലെ അപര്യാപ്തതകളും മഴക്കാലത്ത് വെളിവാകും. അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ മഴവെള്ളം എളുപ്പത്തിൽ ഒഴുകിപ്പോകുന്നുണ്ടോ, പാർക്കിങ് ഏരിയയിലോ പ്രവേശന കവാടങ്ങളിലോ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ടോ എന്നതെല്ലാം മഴക്കാലം തെളിയിക്കും. മോശം ഡ്രെയിനേജ് ഭാവിയിൽ വലിയ അസൗകര്യങ്ങൾ സൃഷ്ടിച്ചേക്കാമെന്നതിനാൽ അപ്പാർട്ട്മെന്റുകൾ വാങ്ങുന്നതിനു മുൻപ് മഴക്കാലത്ത് സ്ഥലത്തെത്തി നേരിട്ട് കണ്ട് ബോധ്യപ്പെടണം.കനത്ത മഴയ്ക്കിടയിലോ അതിനു തൊട്ടുപിന്നാലെയോ പ്രോപ്പർട്ടി സന്ദർശിക്കണം എന്നതാണ് വിദഗ്ധർ നൽകുന്ന ഉപദേശം. പൊതു സ്ഥലങ്ങളിലും പാർക്കിങ് ബേസ്‌മെന്റുകളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ചുവരുകളിലും മേൽക്കൂരയിലും ചോർച്ചയുടെ ലക്ഷണങ്ങൾ പരിശോധിക്കുക. ഇതിനെല്ലാം പുറമേ നിലവിലുള്ള താമസക്കാരോട് മഴക്കാലത്ത് സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയും വേണം. അത്തരം പരാതികൾ പരിഹരിക്കുന്നതിൽ ഡെവലപ്പറുടെ ട്രാക്ക് റെക്കോർഡ് അവലോകനം ചെയ്യാനും മറന്നു പോകരുതെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ ഓർമിപ്പിക്കുന്നു.ശക്തമായ മഴ ലഭിക്കുന്ന മേഖലകളിൽ വീട് സ്വന്തമാക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുവേ വീടിൻ്റെ സ്ഥലവിസ്തൃതി, ഉള്ളിലെ സൗകര്യങ്ങൾ, ഗതാഗതം, ജലലഭ്യത, നഗരത്തിന്റെ സാമീപ്യം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് അപ്പാർട്ട്മെന്റുകൾക്ക് ഉയർന്ന വില ഈടാക്കുന്നത്. എന്നാൽ മഴക്കാലത്ത് ഒരു വീട് എങ്ങനെ നിലനിൽക്കുന്നു എന്നതിനെ ആശ്രയിച്ച് നിർമാണ നിലവാരവും അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിരതയും ദീർഘകാല ജീവിതക്ഷമതയും കൃത്യമായി തിരിച്ചറിയാനാവും.


Source link

CINEMA

CINEMA

Back to top button