NEWS

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും രാഷ്ട്രീയ പ്രഹരം; സച്ചിൻ അഹിർ ഷിൻഡെ ക്യംപിൽ, കാത്തിരിക്കുന്നത് ഉന്നത പദവി


മുംബൈ ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് വൻ രാഷ്ട്രീയ തിരിച്ചടി. മുതിർന്ന നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ (എംഎൽസി) സച്ചിൻ അഹിർ ഭരണപക്ഷത്തുള്ള മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നു. പാർട്ടി മാറിയതിനു തൊട്ടുപിന്നാലെ, മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി സുനേത്ര പവാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക നൽകിയത്. വരാനിരിക്കുന്ന മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി ശക്തിപ്പെടുത്താൻ ഭരണസഖ്യം നടത്തുന്ന ഓപ്പറേഷൻ ടൈഗർ തന്ത്രത്തിന്റെ ഭാഗമാണ് നീക്കം. മുൻ മഹാരാഷ്ട്ര മന്ത്രിയും മുംബൈയിലെ സ്വാധീനമുള്ള നേതാവുമായ സച്ചിൻ അഹിർ, 2019ൽ എൻസിപി വിട്ടാണ് അവിഭക്ത ശിവസേനയിൽ ചേർന്നത്. 2022ൽ ശിവസേന പിളർന്നപ്പോൾ അദ്ദേഹം ഉദ്ധവ് താക്കറെ പക്ഷത്തിനൊപ്പം നിലയുറപ്പിക്കുകയും തുടർന്ന് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ആയിരുന്നു.


Source link

Back to top button