NEWS
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് കന്നി യാത്ര; പത്ത് മിനിറ്റ് മുൻപേ പാഞ്ഞെത്തി ഇത്തിഹാദ് റെയിൽ, ചരിത്രത്തിലേക്ക് ആദ്യ സർവീസ്

അബുദാബി∙ ഫുജൈറയിൽ നിന്നുള്ള ആദ്യ ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ നിശ്ചിത സമയത്തിനും മുൻപേ അബുദാബിയിലെത്തി. രാവിലെ 7.19ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന ട്രെയിൻ, പത്തു മിനിറ്റ് മുൻപേ തന്നെ യാത്ര പൂർത്തിയാക്കി ചരിത്ര നിമിഷം കുറിച്ചു. ചരിത്രപ്രധാനമായ ഈ കന്നി യാത്രയിൽ പങ്കാളികളായ മലയാളികളടക്കമുള്ള യാത്രക്കാർക്ക് ട്രെയിനിൽ സൗജന്യ പ്രഭാതഭക്ഷണവും വിതരണം ചെയ്തു.ലഭ്യമാകുന്ന സർവീസുകൾക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനിൽ നിന്ന് വിലകൊടുത്തു വാങ്ങാൻ സാധിക്കും. യാത്രക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷണം കയ്യിൽ കരുതാനും അനുമതിയുണ്ട്. എന്നാൽ കടുത്ത മണമുള്ളതോ ട്രെയിൻ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ലഹരിപാനീയങ്ങൾക്ക് ട്രെയിനിൽ കർശന വിലക്കുണ്ട്. യുഎഇയുടെ മറ്റൊരു പ്രധാന അടയാളമായ ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തുകൂടിയാണ് ട്രെയിൻ കടന്നുപോയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ ഇവിടെ 2032ൽ പുതിയ വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ യുഎഇയുടെ യാത്രാമേഖലയിൽ അത് മറ്റൊരു ചരിത്ര നാഴികക്കല്ലാകും.
Source link


