NEWS
കീഴാറ്റൂർ വയൽക്കിളി സമരം: ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

കണ്ണൂർ∙ ദേശീയപാത നിർമാണത്തിനു വയൽ നികത്തുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ തടഞ്ഞ വയൽക്കിളി സംഘത്തിലെ അംഗങ്ങളെ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തുന്നതിനായി സ്ഥലം അളക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയാണു പ്രതിഷേധക്കാർ തടഞ്ഞത്. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് 28 പ്രതികളെയും വെറുതെ വിട്ടത്. 2018 മാർച്ച് 14നാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. പ്രതിഷേധ നേതാവ് സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരൻ, നോബിൽ എം. പൈകട ഉൾപ്പെടെയുള്ളവർ പെട്രോൾ നിറച്ച കുപ്പികളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 49 പേർക്കെതിരെ കേസെടുത്തെങ്കിലും 28 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്ഥരെ തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
Source link


