സ്‌കൂളിൽ പോകാൻ മടിയുള്ള കുട്ടികളുണ്ടോ വീട്ടിൽ? പേടിയും വാശിയും മാറ്റാൻ അഞ്ച് വഴികൾ

ഫയൽ ചിത്രം
സ്കൂൾ തുറന്നതിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓരോ വീടുകളും. രാവിലെ കുട്ടികളെ റെഡിയാക്കി സ്കൂളിൽ ആയച്ചിട്ടുവേണം മാതാപിതാക്കൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യാൻ. എന്നാൽ നിങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകാൻ മടി കാണിക്കാറുണ്ടോ? ചിലരുടെയെങ്കിലും വീട്ടിൽ രാവിലെ അതിനെച്ചൊല്ലി ഒരു യുദ്ധം തന്നെ നടക്കും. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീട്ടിൽ. സ്കൂളിൽ പോകാനുള്ള മടി കുട്ടികളിൽ നിന്ന് ഒഴിവാക്കാൻ ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ മാത്രംമതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
പലപ്പോഴും സ്കൂളിലെ അദ്ധ്യാപകരെ കുട്ടികൾക്ക് പേടിയാണ്. അവർ അടിക്കുമോ എന്നൊക്കെയുള്ള പേടി കുട്ടികൾക്ക് ഉണ്ടാകും. ഈ പേടി കുട്ടികളുടെ മനസിൽ നിന്ന് മാറ്റാൻ സ്കൂളിലെ നല്ല കാര്യങ്ങളെക്കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കുക. ഉദാഹരണത്തിന് കൂട്ടുകാരെക്കുറിച്ചും അവിടെയുള്ള കളിപ്പാട്ടങ്ങളെക്കുറിച്ചും പറഞ്ഞ് അവരെ സന്തോഷിപ്പിക്കുക.
പല കുട്ടികൾക്കും രാവിലെ ഉണർന്ന് സ്കൂളിൽ പോകാൻ മടിയാണ്. പ്രത്യേകിച്ച് മഴ സമയങ്ങളിൽ മൂടിപ്പുതച്ച് ഉറങ്ങാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനാൽ അവധിക്കാലത്തും കുട്ടികളെ നേരത്തെ ഉണർത്താൻ ശ്രമിക്കുക. എല്ലാദിവസവും കുട്ടികളെ കൃത്യമായ സമയത്ത് ഉറക്കാനും ഉണർത്താനും ശ്രദ്ധിക്കുക. ഇത് പിന്നീട് അവരുടെ ജീവിതരീതിയുടെ ഭാഗമായി മാറും.
സ്കൂളിൽ പോകുമ്പോൾ കൊണ്ടുപോകുന്ന ബാഗ്, കുപ്പി, പാത്രം എന്നിവ കുട്ടികൾ ഇഷ്ടപ്പെട്ട നിറത്തിലും രീതിയിലുമുള്ളവ വാങ്ങുക. ഇത് ഉപയോഗിക്കാനുള്ള ആകാംഷ കാരണം കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള താല്പര്യം കൂടുന്നു. കുട്ടികളുടെ ലഞ്ച് ബോക്സിൽ എപ്പോഴും സർപ്രെെസുകൾ ഒളിപ്പിച്ച് വയ്ക്കാണം. ആദ്യദിവസങ്ങളിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങൾ നൽകണം. ഇത് ഭക്ഷണത്തോടുള്ള അവരുടെ ഇഷ്ടം വർദ്ധിപ്പിക്കും. പഠനം കൂടാതെ മറ്റ് കലാകായിക മേഖലയിലും കുട്ടികളെ പങ്കാളികളാക്കുക. ഇത് അവരെ കൂടുതൽ ഊര്ജ്ജസ്വലരാക്കുന്നു. സ്കൂളുകളിലെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോൾ അവർക്ക് അവിടേക്ക് പോകാനുള്ള ഇഷ്ടം കൂടുന്നു.
Source link


