BUSINESS
ലുലു ഫിനാൻഷ്യൽ എംഡി അദീബ് അഹമ്മദ് വാൾസ്ട്രീറ്റ് ജേർണൽ സിഇഒ കൗൺസിലിൽ

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദ് ദി വാൾസ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിഇഒ കൗൺസിലിലേക്ക് നിയമിതനായി.ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ നടന്ന സിഇഒ കൗൺസിൽ സമ്മിറ്റിലാണ് ഇതു പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക സാഹചര്യം, നേതൃത്വം, നവീകരണം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന വ്യവസായ നേതാക്കളെയും എക്സിക്യൂട്ടീവുകളെയും ഒരുമിച്ച് കൊണ്ടുവന്നതായിരുന്നു ഈ സമ്മേളനം.സിഇഒ കൗൺസിലിലെ അംഗമെന്ന നിലയിൽ, ബിസിനസ് ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുന്ന ആഗോള ചീഫ് എക്സിക്യൂട്ടീവുമാരുടെയും ബിസിനസ് നേതാക്കളുടെയും ശൃംഖലയുടെ ഭാഗമാകും അദീബ്. വിവിധ സമ്മിറ്റുകൾ, ഫോറങ്ങൾ, നേതൃത്വ സംവാദങ്ങൾ എന്നിവയിലൂടെ അംഗങ്ങൾ സാമ്പത്തിക വളർച്ച, സാങ്കേതിക പരിവർത്തനം, കോർപ്പറേറ്റ് നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവക്കും.നിയമനത്തിൽ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് നേതാക്കളുമായി ആശയങ്ങൾ പങ്കുവെക്കാനും ചർച്ചകളിൽ പങ്കെടുക്കാനും ലഭിക്കുന്ന അവസരം ഏറെ വിലപ്പെട്ടതാണ്. ഞങ്ങൾ സേവനം നൽകുന്ന വിപണികളിലെയും സമൂഹങ്ങളിലെയും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഈ വേദിയിൽ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗൾഫ് മേഖല, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പുകളിലൊന്നായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടറാണ് അദീബ് അഹമ്മദ്. നിലവിൽ ഫിക്കി അറബ് കൗൺസിലിന്റെ ചെയർമാനുമാണ് അദ്ദേഹം.
Source link


