BUSINESS

ഇടിഞ്ഞിറങ്ങുന്ന എണ്ണ; ഇന്ത്യയ്ക്കിത് ‘ജാക്ക്പോട്ട്’, രാജ്യത്ത് വർധിപ്പിച്ച ഇന്ധന വില ഉടൻ കുറയുമോ?


പശ്ചിമേഷ്യൻ യുദ്ധത്തിൽ യു.എസ്-ഇറാൻ രാജ്യങ്ങൾ തമ്മിൽ സമാധാന കരാറിൽ ധാരണയായതോടെ ഇടിഞ്ഞിറങ്ങി ആഗോള ക്രൂഡ് ഓയിൽ വില. യുദ്ധത്തിന്റെ പാരമ്യത്തിൽ 125 ഡോളറിന് മുകളിലേക്ക് വരെ ഉയർന്ന എണ്ണ വില നിലവിൽ 80 ഡോളറിന് താഴെയാണ്. ക്രൂഡ് വില കുറഞ്ഞത് ഇന്ത്യയെ സംബന്ധിച്ച് നേട്ടവുമാണ്. അതേ സമയം അടുത്തിടെ വർധിപ്പിച്ച ഇന്ധന വില ഉടൻ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.WTI ക്രൂ‍ഡ് ബാരലിന് 74.81 ഡോളറിലും, ബ്രെന്റ് ക്രൂഡ് ബാരലിന് 77.85 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലാണ് ക്രൂഡ് വ്യാപാരം. ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ ഏകദേശം 88% വരെ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ വില ഉയർന്നത് ഇന്ത്യയിലെ പണപ്പെരുപ്പം ഉയരുന്നതിനും, ജി.ഡി.പി വളർച്ച കുറയുന്നതിനും കാരണമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. 2026 മെയിൽ മാത്രം ഇന്ത്യയിൽ നാല് തവണയാണ് ഇന്ധന വില വർധിപ്പിക്കേണ്ടി വന്നത്. രാജ്യാന്തര ക്രൂഡ് വില കയറിയതിനെ തുടർന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ കനത്ത നഷ്ടം നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. ഡോളറുമായുള്ള വിനിമയ മൂല്യത്തിൽ കനത്ത ഇടിവുണ്ടാവുകയും, ഓഹരി വിപണികളിൽ വലിയ വില്പന സമ്മർദ്ദമുണ്ടാവുകയും ചെയ്ത യുദ്ധത്തിന്റെ നാളുകളാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ക്രൂഡ് വില 80 ഡോളറിനെ താഴെയെത്തുന്നത് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ആശ്വാസകരമാണ്.അതേ സമയം യുദ്ധകാലത്തുടനീളം, ഏതാണ്ട് മൂന്നര മാസക്കാലം ഇന്ത്യൻ എണ്ണക്കമ്പനികൾ കനത്ത നഷ്ടമാണ് നേരിട്ടത്. ഇക്കാരണത്താൽ മെയിൽ വർധിപ്പിച്ച ഇന്ധന നിരക്കുകൾ ഉടനേ കുറയ്ക്കാനുള്ള സാധ്യതയില്ലെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. അതേ സമയം, ഹോർമുസ് കടലിടുക്ക് തുറക്കുകയും, ക്രൂഡ് വില യുദ്ധത്തിന് മുമ്പുള്ള 70 ഡോളർ നിലവാരത്തിന് താഴേക്കിറങ്ങുകയും ചെയ്താൽ ഇന്ധന വില കുറയ്ക്കാനുള്ള സാധ്യതകളും നില നിൽക്കുന്നു. ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വ്യാപാരക്കമ്മി താഴുന്നത് രാജ്യത്തിന് നേട്ടമാകും. രൂപയുടെ മൂല്യം ഉയരാനുള്ള സാഹചര്യവും, വിവിധ ബിസിനസുകൾക്ക് നേട്ടമുണ്ടാകാനുള്ള സാധ്യതകളും പോസിറ്റീവാണ്. ഓഹരി വിപണി ഉണർവ് വീണ്ടെടുത്തേക്കും. വിലക്കയറ്റ ഭീഷണി കുറയുകയും, ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ സാധ്യതകൾ വർധിക്കുകയും ചെയ്യും.


Source link

Back to top button