NEWS

‘രാഹുൽ ഗാന്ധി മത്സരിക്കാൻ മടിച്ചു, സീറ്റ് ഉപേക്ഷിക്കാൻ തയാറായി’; വഴങ്ങിയത് അഖിലേഷിന്റെ നിർബന്ധത്തിലെന്ന് വെളിപ്പെടുത്തൽ


ലക്നൗ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി (എസ്പി) സഖ്യമില്ലായിരുന്നെങ്കിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലായിരുന്നുവെന്ന അവകാശവാദവുമായി പ്രതാപ്ഗഢിൽ നിന്നുള്ള എസ്പി എംപി ശിവ്പാൽ സിങ് പട്ടേൽ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, റായ്ബറേലിയിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറാൻ വരെ തയാറായിരുന്നുവെന്നും, അഖിലേഷ് യാദവ് നൽകിയ ഉറപ്പിന്മേലാണ് അദ്ദേഹം റായ്ബറേലിയിൽ മത്സരരംഗത്തിറങ്ങിയതെന്നും ശിവ്പാൽ സിങ് പട്ടേൽ പറഞ്ഞു. പിടിഐ വിഡിയോസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.‘‘സമാജ്‌വാദി പാർട്ടിയുമായി സഖ്യമില്ലായിരുന്നെങ്കിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ജയിക്കാനാകുമായിരുന്നില്ല. അവരുടെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധി തന്റെ സീറ്റ് ഉപേക്ഷിക്കാൻ പോലും ഒരു ഘട്ടത്തിൽ തയാറായതാണ്. ഭയം കാരണം അമേഠിക്ക് പകരം റായ്ബറേലിയിലാണ് അദ്ദേഹം മത്സരിച്ചത്. ഞങ്ങളുടെ ദേശീയ അധ്യക്ഷൻ അദ്ദേഹത്തിന് ഉറപ്പുനൽകുകയും നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു. രാഹുൽ മത്സരിച്ചില്ലെങ്കിൽ പാർട്ടി സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് അഖിലേഷ് മുന്നറിയിപ്പ് നൽകി. ഇതിനു ശേഷമാണ് മത്സരിക്കാൻ രാഹുൽ സമ്മതിച്ചത്. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റെന്ന് പറയപ്പെടുന്ന അവിടെ പോലും മത്സരിക്കാൻ അദ്ദേഹത്തിന് മടിയായിരുന്നു. അഖിലേഷിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് രാഹുൽ ഗാന്ധി മത്സരിച്ചതും ജയിച്ചതും’’ – ശിവ്പാൽ സിങ് പറഞ്ഞു.


Fashion ⏭️

Back to top button