NEWS

കടിച്ച ആപ്പിൾ അനുയായികൾക്ക് എറി‍ഞ്ഞുകൊടുത്തു; വൈറലായി ദൃശ്യങ്ങൾ, പിന്നാലെ വിമർശനം


ബെംഗളൂരു ∙ പൊതുയോഗത്തിനിടെ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആപ്പിൾ കടിച്ച ശേഷം അനുയായികൾക്ക് എറി‍ഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിവാദം കനക്കുന്നു. ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുരയിലെ ഹാരോഹള്ളിയിൽ ഞായറാഴ്ച നടന്ന പൊതുയോഗത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശിവകുമാറിനെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ അനുയായികൾ അദ്ദേഹത്തെ കൂറ്റൻ ആപ്പിൾമാല അണിയിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് മാല ഉയർത്തിയത്. അതിൽനിന്ന് രണ്ട് ആപ്പിളുകൾ അട‌ർത്തിയെടുത്ത ശിവകുമാർ പാതി കടിച്ച ശേഷം അവ അനുയായികൾക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യം വൈറലായതോടെ, സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുയർന്നു. കർണാടകയിലെ പ്രതിപക്ഷ കക്ഷിയായ ബിജെപി കടുത്ത വിമർശനമാണ് ശിവകുമാറിനും കേൺഗ്രസിനുമെതിരെ നടത്തിയത്. ‘നിങ്ങൾക്കു വോട്ടു നൽകിയവർക്കു നേരേ കടിച്ച ആപ്പിൾ എറിയുന്നത് തമാശയല്ല. അത് കോൺഗ്രസിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. ’– ബിജെപിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. ‘ബഹുമാനം കാട്ടേണ്ടതു വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. പൊതുജനം നിങ്ങളുടെ ദയയ്ക്കു യാചിക്കുന്നവരല്ല. അവർക്കു ബഹുമാനമാണ് വേണ്ടത്. ബഹുമാനത്തിനു പകരം ധാർഷ്ട്യം കാട്ടിയാൽ അവരും അങ്ങനെ പ്രതികരിക്കും’ – ബിജെപി പിന്നീടു പറഞ്ഞു.


Source link

Back to top button