NEWS
രാശിയുള്ള കയ്യാണ്! നഷ്ടപ്പെട്ട സ്വർണം ഷാജിക്കു ലഭിക്കുന്നത് നാലാം തവണ; ഇത്തവണ നാലരപ്പവൻ മാല

അതിരപ്പിള്ളി ∙ പെരിയാറിൽ നിന്നു കളഞ്ഞുകിട്ടിയ നാലരപ്പവൻ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ച് ഏൽപിച്ച വെറ്റിലപ്പാറ മാളിയേക്കൽ ഷാജിയുടെ സത്യസന്ധതയ്ക്കു തങ്കത്തിളക്കം. ഇതു നാലാം തവണയാണ് നഷ്ടപ്പെട്ട ആഭരണങ്ങൾ ഷാജിക്കു ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കോതമംഗലം കുട്ടമ്പുഴയിലെ ബന്ധുവിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാജിയും ഭാര്യയും. പെരിയാറിന്റെ തീരത്തെ റിസോർട്ടിൽ നടന്ന ചടങ്ങിനുശേഷം പുഴ കാണാൻ എത്തിയപ്പോഴാണു വെള്ളത്തിൽ തിളക്കം കണ്ടത്.മുട്ടറ്റമുള്ള വെള്ളത്തിൽ ഇറങ്ങിനോക്കിയപ്പോൾ കയ്യിൽ തടഞ്ഞത് സ്വർണാഭരണം. 3 ലോക്കറ്റോടു കൂടിയ സ്വർണമാല പള്ളിക്കര സ്വദേശി അനിൽകുമാറിന്റേതായിരുന്നു. ഒരു മാസം മുൻപ് റിസോർട്ടിൽ കൂട്ടുകാർക്കൊപ്പം വന്നപ്പോഴാണു മാല നഷ്ടമായത്. ഇവർ സഞ്ചരിച്ച കാർ കാനയിലെ ചെളിയിൽ താഴ്ന്നപ്പോൾ വാഹനം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാല കഴുത്തിൽനിന്ന് ഊരിപ്പോയത്. പിന്നീടു പെയ്ത മഴയിൽ വെള്ളം കുത്തിയൊഴുകി മാല പുഴയിലെത്തി. അന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Source link


