NEWS

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് ജാമ്യമില്ല


തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിനു ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടാനിയ മരിയം ജോസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗം കൂടിയായ വിജയിനെ ഞായറാഴ്ച വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥരെ വധശ്രമത്തില്‍നിന്നു രക്ഷപ്പെടുത്തുന്നതിനിടയിലാണ് പൊലീസുകാര്‍ ആക്രമിക്കപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗൂഢാലോചന കൂടി ഉള്‍പ്പെടുത്തി അന്വേഷിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക സംഘം. കന്റോണ്‍മെന്റ് എസിപി വി.ജയചന്ദ്രന്റെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കും. ആസൂത്രിതമായ ആക്രമണത്തിനു പിന്നില്‍ ഏതെങ്കിലും തരത്തില്‍ നേതാക്കളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നാണു പരിശോധിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പെടെ വിവിധ ടീമുകളായി തിരിഞ്ഞ് കേസന്വേഷണം, തെളിവുശേഖരണം, മൊഴി രേഖപ്പെടുത്തല്‍ എന്നിവ വേഗത്തിലാക്കി എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണു സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശം.


Source link

Back to top button