NEWS
ജെൻസികളുടെ ഗൃഹാതുരത്വത്തിന് മൂല്യം 5,000 കോടിയിലേറെ രൂപ; എന്താണ് ജെൻസീയുടെ ‘റെട്രോ’ വൈബ് ?

ആലപ്പുഴ∙ മക്കളുടെ മുറിയിൽ നിന്ന് സ്പീക്കറിലൂടെ കേൾക്കുന്ന തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും ക്ലാസിക് ഹിറ്റുകൾ, വേഷത്തിലും തലമുടിയിലും അടിമുടി വിന്റേജ് സ്റ്റൈൽ. കയ്യിലണിയാൻ സ്മാർട്ട് വാച്ചുകൾക്കു പകരം ക്ലാസിക്– അനലോഗ് ഡിജിറ്റൽ വാച്ചുകൾ. പിള്ളേർക്ക് ഇതെന്തുപറ്റി എന്നോർത്ത് തലപുകയ്ക്കേണ്ട, ഇത് ജെൻ സീ തലമുറയുടെ ‘റെട്രോ’ വൈബാണ്. കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും വിന്റേജ് ഏസ്തറ്റിക് എന്നറിയപ്പെടുന്ന ജെൻസീകളുടെ ‘റെട്രോ’ വൈബിൽ ഉൾപ്പെടുന്ന ഫാഷൻ മാർക്കറ്റിന്റെ ആഗോളമൂല്യം കോടികളാണ്.പിന്ററെസ്റ്റിലെ വിന്റേജ് മൂഡ് ബോർഡുകൾ പോലെയാണ് ജെൻസീകൾക്ക് റെട്രോ വൈബ്. ഫ്ലിപ് ഫോണുകൾ, വയേഡ് ഹെഡ്സെറ്റുകൾ, ലോറൈസ്– ബാഗീ ജീനുകൾ, ക്ലാസിക് കസിയോ വാച്ചുകൾ, ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും പഴയ ഫിലിം ക്യാമറകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഗ്രെയ്നി ഫിൽറ്ററുകൾ. വേഷവിധാനം സ്റ്റൈലാക്കാൻ ഓൾഡ് മണി ഔട്ട്ഫിറ്റും Y2K കാലത്തെ ഫാഷനുകളും (തൊണ്ണൂറുകളുടെ അവസാനം മുതൽ 2000തിന്റെ തുടക്കം വരെ), ചിലർക്ക് തനിനാടൻ മുണ്ടും ഷർട്ടും. ഇവയ്ക്കെല്ലാം ഈണം പകരാൻ 90സിലെയും 2000ലെയും മെലഡികളും ലാലേട്ടന്റെ ‘തകിലുപുകില്’ പോലെയുള്ള തട്ടുപൊളിപ്പൻ ഹിറ്റുകളും. ക്യാംപസിലും റോഡിലും ചുറ്റിക്കറങ്ങാൻ യമഹ ആർഎക്സ് 100, ഹീറോ സ്പ്ലെൻഡർ, ജാവ ബൈക്കുകൾ. കാറുകളിൽ മാരുതി 800, സെൻ, ജിപ്സി എന്നിവ മുതൽ ലാൻസറും ഹോണ്ടയുടെ ടൈപ് 1, ടൈപ് 2 സിറ്റി, തുടങ്ങിയവയുമുണ്ട്. ഇവ രൂപമാറ്റങ്ങൾ വരുത്തി മോഡിഫൈ ചെയ്യുന്നതും ഹരമായി മാറിയിട്ടുണ്ട്.എന്താണ് ജെൻസീയുടെ ‘റെട്രോ’ വൈബ് 1997നും 2012നുമിടയിൽ ജനിച്ചവർക്ക് സമൂഹമാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും കണ്ടും കേട്ടും മാത്രം പരിചയമുള്ള 1990–2000 കാലഘട്ടത്തിനോടു തോന്നുന്ന പ്രണയതുല്യമായ ആരാധന. ആ കാലഘട്ടവും അന്നത്തെ ഫാഷനും വീണ്ടും ട്രെൻഡിങ്ങാക്കുന്ന ജെൻസി തലമുറയുടെ നൊസ്റ്റാൾജിയയ്ക്ക് സൈബർ ലോകം നൽകിയ പേരാണ് ‘റെട്രോ’ വൈബ് എന്നറിയപ്പെടുന്ന ഫോക്സ്റ്റാൾജിയ.
Source link


