AUTO

വിശ്വാസത്തിന്റെ 3 പതിറ്റാണ്ട്; ‘സാന്‍ട്രോ’ മുതൽ ‘ക്രേറ്റ ഇവി’ വരെയുള്ള ഓർമ്മകളുമായി എഐ വിഡിയോ പുറത്തിറക്കി ഹ്യുണ്ടേയ്


ഇന്ത്യന്‍ കാര്‍ വിപണിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി എഐ ഉപയോഗിച്ചു നിര്‍മിച്ച വിഡിയോ പുറത്തുവിട്ട് ഹ്യുണ്ടേയ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യന്‍ ജനത ഹ്യുണ്ടേയില്‍ അര്‍പിച്ച വിശ്വാസവും കമ്പനിയുടെ വളര്‍ച്ചയും പ്രതീക്ഷകളും അടയാളപ്പെടുത്തുന്നതാണ് വിഡിയോ. ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ഓരോ മോഡലുകളേയും 2:29 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ എടുത്തുകാണിക്കുന്നുണ്ട്. ഒരു കുട്ടിയുടെ കണ്ണിലൂടെയാണ് ഹ്യുണ്ടേയ് അവരുടെ ഇന്ത്യയിലെ വിജയഗാഥയെ അവതരിപ്പിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ ഹ്യുണ്ടേയുടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന നാഴികക്കല്ലുകള്‍ എടുത്തുകാണിച്ചിരിക്കുന്നു. ഇന്ത്യയിലെ റോഡുകളില്‍ തരംഗമായി മാറിയ ഹ്യുണ്ടേയുടെ ടോള്‍ ബോയ് സാന്‍ട്രോ, സ്റ്റാറ്റസ് സെഡാനായി മാറിയ ആസെന്റ്, പെര്‍ഫോമെന്‍സിന് പ്രാധാന്യം നല്‍കിയ വെര്‍ന, പുതുതലമുറ കാപ്പ എന്‍ജിനുമായെത്തിയ ഐ10, നിരവധി പേരെ ആകര്‍ഷിച്ച ഐ20, എസ്‌യുവികളിലെ രാജാവായി മാറിയ ക്രേറ്റ, ആദ്യ കണക്റ്റഡ് എസ്‌യുവി വെന്യു, സണ്‍റൂഫ് വ്യു മോണിറ്ററുമായെത്തിയ അല്‍ക്കസാര്‍, ഓള്‍ ഇലക്ട്രിക്ക് എസ്‌യുവി അയോണിക് 5, ലെവല്‍ 2 അഡാസുമായെത്തിയ ക്രേറ്റ ഇവി എന്നിങ്ങനെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഹ്യുണ്ടേയുടെ അഭിമാനവും ഭാവിയിലേക്കുള്ള പ്രതീക്ഷയുമായി മാറിയ മോഡലുകളെ ഒന്നൊന്നായി വിഡിയോയില്‍ കാണാനാവും. വാഹന നിര്‍മാതാക്കള്‍ എന്നതിനപ്പുറം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളുമായി കെട്ടിപ്പടുത്ത വൈകാരിക ബന്ധത്തിലാണ് ഈ വിഡിയോയില്‍ ഹ്യുണ്ടേയ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളെ പുതുമയോടെയും ആകര്‍ഷകമായും പുനരാവിഷ്‌ക്കരിക്കാനായതായി ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ് ഹെഡ് വിരാട് മുള്ളര്‍ പറഞ്ഞു. നൊസ്റ്റാള്‍ജിയയും ആധുനിക കാഴ്ച്ചപ്പാടും ഒരുപോലെ ചേര്‍ത്തുവെക്കുന്നതാണ് ഈ വിഡിയോയെന്നും ഇത് ഹ്യുണ്ടേയുടെ പാരമ്പര്യവും പുതുമ തേടുന്നതിലെ ശ്രദ്ധയും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Source link

Back to top button