NEWS
‘യഥാർഥ പാർട്ടിയുടെ പേരും ചിഹ്നവും കൈക്കലാക്കും’; തൃണമൂൽ വിമതരുടെ എൻസിപി ലയനത്തിനു പിന്നിൽ വമ്പൻ ലക്ഷ്യം

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ (എൻസിപി) ലയിക്കുന്നത് താൽക്കാലിക നീക്കം മാത്രമാണെന്നും, ശിവസേന, എൻസിപി മാതൃകയിൽ യഥാർഥ പാർട്ടിയുടെ പേരും ചിഹ്നവും കൈക്കലാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി മുതിർന്ന വിമത നേതാക്കൾ. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുദീപ് ബന്ദോപാധ്യായയാണ് നിർണായക നീക്കങ്ങൾ വെളിപ്പെടുത്തിയത്. പാർട്ടിയുടെ ആകെയുള്ള 28 എംപിമാരിൽ മൂന്നിൽ രണ്ട് വിഭാഗത്തിന്റെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അയോഗ്യതാ വേട്ടയിൽ നിന്ന് രക്ഷപ്പെടാനാണ് നിലവിലെ ഭൂരിപക്ഷം ഉപയോഗിക്കുന്നതെന്നും, എന്നാൽ പാർട്ടിയുടെ പേര് പെട്ടെന്ന് സ്വന്തമാക്കാൻ കഴിയില്ലെന്നും സുദീപ് ബധോപാധ്യായ പറഞ്ഞു. ‘‘ആദ്യ ദിവസം തന്നെ ആ പാർട്ടിയുടെ പേര് ആവശ്യപ്പെടാൻ കഴിയില്ല. തൃണമൂലിന്റെ ഭൂരിപക്ഷം അംഗങ്ങളും ഞങ്ങളുടെ പക്കലുള്ളതിനാൽ വരും മാസങ്ങളിൽ തൃണമൂൽ എന്ന പേര് നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടും. തുടർന്ന് കോടതി ഇതിൽ അന്തിമ തീരുമാനമെടുക്കും’’ – സുദീപ് ബന്ദോപാധ്യായ വ്യക്തമാക്കി.
Source link


