അടുക്കളയിലെ ടൈലുകളില്‍ കറപിടിച്ചോ? പുതുപുത്തന്‍ പോലെ തിളങ്ങാന്‍ ഇതാ ചില പൊടികൈകൾ

വീടുകളില്‍ പാചകം ചെയ്യുന്നതിനെക്കാള്‍ തലവേദന പിടിച്ച ജോലിയാണ് പാചകം ചെയ്തത ശേഷമുള്ള അടുക്കള വൃത്തിയാക്കല്‍. അതിനാല്‍ തന്നെ അധികം പേര്‍ക്കും ഇഷ്ടമല്ലാത്ത വീട്ടുജോലിയാണിത്. പാചകം കഴിഞ്ഞ് പെട്ടെന്ന് തന്നെ ചെയ്തില്ലെങ്കില്‍ കറയും അഴുക്കുമെല്ലാം സ്ലാബുകളിലും ചുവരിലും സ്റ്റൗവിലും മറ്റും പറ്റിപ്പിടിച്ച് ഇരട്ടിപ്പണിയാകും. പിന്നീട് ഇതൊന്ന് വൃത്തിയാക്കി അടുക്കള ഭംഗിയാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതുകൊണ്ടുതന്നെ മിക്കവരും താല്‍ക്കാലികമായി ഒന്ന് തുടച്ചെടുത്ത് തൃപ്തരാവുകയേ ഉള്ളൂ. പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോഴാകും വിശദമായുള്ള വൃത്തിയാക്കൽ. ഇങ്ങനെ വൃത്തിയാക്കുമ്പോഴാകട്ടെ കറയും അഴുക്കുമെല്ലാം ഉരച്ച് കഴുകിയെടുക്കാൻ സമയവും അധ്വാനവും ആവശ്യമാണ്. എന്നാൽ ഈ ജോലി അല്‍പം എളുപ്പത്തിലാക്കാനുള്ള ചില പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കാൻ പോകുന്നത്.
ബേക്കിംഗ് സോഡയും വെള്ളവും
ടൈലുകൾക്കിടയിലെ സിമന്റ് പോലെയുള്ള ഭാഗങ്ങൾ സുഷിരങ്ങളുള്ളതായതിനാൽ കൊഴുപ്പ്, തക്കാളി സോസ്, കാപ്പി എന്നിവയെല്ലാം വേഗത്തിൽ ആഗിരണം ചെയ്യുന്നു. ഇത് സാധാരണ തുണികൊണ്ട് തുടച്ചാൽ വൃത്തിയാകില്ല. ഇത് വൃത്തിയാക്കാൻ പല്ല് തേയ്ക്കുന്ന പഴയ ബ്രഷ് ആണ് ഏറ്റവും നല്ലത്. ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഈ വരകളിൽ തേച്ചുപിടിപ്പിക്കണം. രണ്ട് മിനിറ്റിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഇത് നന്നായി തേച്ചുരയ്ക്കുക. ബേക്കിംഗ് സോഡ ടൈലുകളിൽ പോറലുകൾ ഉണ്ടാക്കാതെ തന്നെ കറകളെ എളുപ്പത്തിൽ ഇളക്കി മാറ്റും. കൂടുതൽ കഠിനമായ കറകളാണെങ്കിൽ ഈ മിശ്രിതത്തിലേക്ക് അല്പം വിനാഗിരി കൂടി ചേർക്കണം. എന്നാൽ സെറാമിക്, പോർസലൈൻ ടൈലുകളിൽ മാത്രമേ വിനാഗിരി ഉപയോഗിക്കാവൂ. മാർബിൾ പോലുള്ള പ്രകൃതിദത്ത കല്ലുകൾ കൊണ്ട് നിർമ്മിച്ച ടൈലുകളിൽ വിനാഗിരി ഉപയോഗിക്കാൻ പാടില്ല.
സ്റ്റീം ക്ലീനിംഗ്
രാസവസ്തുക്കൾ ഒന്നുമില്ലാതെ കൊഴുപ്പും അഴുക്കും എളുപ്പത്തിൽ ഇളക്കാൻ സഹായിക്കുന്ന ഒരുവഴിയാണ് സ്റ്റീം ക്ലീനിംഗ് അഥവാ ആവി ഉപയോഗിച്ചുള്ള ക്ലീനിംഗ്. ഉയർന്ന സമ്മർദ്ദത്തിൽ വരുന്ന ആവി ടൈലുകൾക്കിടയിലെ ഇടുങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ ഇറങ്ങിച്ചെല്ലും. സ്റ്റീം നോസിൽ ടൈലിലൂടെ പതുക്കെ ചലിപ്പിച്ച ശേഷം ഒരു ഉണങ്ങിയ മൈക്രോഫൈബർ തുണികൊണ്ട് തുടച്ചെടുത്താൽ മതി. വലിയ ടൈൽ ഏരിയകൾ വേഗത്തിൽ വൃത്തിയാക്കാനും ചൂടിലൂടെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇതിലൂടെ സാധിക്കും.
ബ്ലീച്ച് ക്ലീനിംഗ്
ബ്ലീച്ചും നല്ലൊരു ക്ലീനിംഗ് ഏജന്റാണ്. നല്ലൊരു ഡിസ് ഇൻഫെക്ടന്റ് കൂടിയാണ് ബ്ലീച്ച്. ഒന്നോ രണ്ടോ ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കാല്‍ക്കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ആദ്യം നനവുള്ള തുണി കൊണ്ട് ടൈല്‍സ് നല്ലതുപോലെ തുടച്ച് ശേഷം ബ്ലീച്ച് തേക്കാം. പത്തുമിനുറ്റിന് ശേഷം വെള്ളംകൊണ്ട് തുടച്ച് വൃത്തിയാക്കണം.
Source link


