ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച പുറത്ത്; കുഞ്ഞിന്റെ കൈയൊടിഞ്ഞ വിവരം അമ്മൂമ്മ അറിയിച്ചിട്ടും നടപടിയെടുത്തില്ല, ഫോൺ റെക്കാഡ് പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ഉണ്ടായത് ഗുരുതര വീഴ്ച. കുഞ്ഞ് നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും കൈകൾ രണ്ടും ഒടിഞ്ഞിട്ടുണ്ടെന്നും കാണിച്ച് കുട്ടിയുടെ അമ്മൂമ്മ റീന ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ചറിയിച്ചതിന്റെ നിർണായക ശബ്ദരേഖ പുറത്ത്. മേയ് മൂന്നിനാണ് അമ്മൂമ്മ സഹായം അഭ്യർത്ഥിച്ച് ഡിസിപിയുവിനെ സമീപിക്കുന്നത്. എന്നാൽ യാതൊരുവിധ തുടർനടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് അമ്മൂമ്മ റീന ഹെൽപ്പ് ലൈൻ ജീവനക്കാരനോട് പങ്കുവച്ച വിവരങ്ങൾ ഇങ്ങനെ: ‘വിവാഹാലോചനയുമായി വന്നപ്പോൾ കുഞ്ഞിനെ നോക്കാൻ പറ്റുന്നവർക്ക് മാത്രമേ മകളെ വിവാഹം കഴിച്ച് നൽകൂ എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. കുഞ്ഞിനെ നോക്കിക്കൊള്ളാമെന്ന് അർഷ്‌കർ സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് മകൾ ഞങ്ങളറിയാതെ അവന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. ഇടയ്ക്ക് ഒരു മാസത്തോളം കുഞ്ഞ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. പിന്നീട് പൊലീസിന്റെ ഇടപെടലിലാണ് അവർ കുഞ്ഞിനെ തിരികെ കൊണ്ടുപോയത്.
അതിനുശേഷം വിവരമൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസം മകൾ അയച്ച ഫോട്ടോയിലാണ് കുഞ്ഞിന്റെ രണ്ട് കൈകളും പ്ലാസ്റ്ററിട്ട നിലയിൽ കാണുന്നത്. സ്റ്റെപ്പിൽ നിന്ന് വീണതെന്നാണ് മകൾ പറഞ്ഞത്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. വീടുവിട്ടിറങ്ങിപ്പോയ ദിവസം അവൻ റോഡിൽ വച്ച് പറഞ്ഞത്, ‘അഞ്ചാറ് ദിവസം കുട്ടിയെ നോക്കും, അത് കഴിഞ്ഞ് പുഴുത്ത പട്ടിയെ നോക്കുന്നത് പോലെ നോക്കത്തുള്ളൂ’ എന്നാണ്. സാറേ. ആ കുഞ്ഞിന്റെ മുഖം കണ്ടാൽ സഹിക്കില്ല, അതിന്റെ ദയനീയ അവസ്ഥ’.- അമ്മൂമ്മ റീന പറയുന്നു.
ഇത്രയും വലിയ ക്രൂരതയെക്കുറിച്ച് വിതുമ്പലോടെ പരാതിപ്പെട്ടിട്ടും വളരെ ലളിതമായാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ജീവനക്കാരൻ വിഷയത്തെ സമീപിച്ചത്. പരിഹാരം നിർദ്ദേശിക്കുന്നതിന് പകരം, കുഞ്ഞിനെ എന്തുകൊണ്ട് അവർക്ക് വിട്ടുകൊടുത്തെന്ന് ചോദിച്ച് റീനയെ ജീവനക്കാരൻ കുറ്റപ്പെടുത്തുകയും ചെയ്തു. ‘ഇതൊക്കെ നിങ്ങൾ ചിന്തിച്ചുകൂട്ടുന്നതാണ്, വണ്ടിയിൽ നിന്നോ മറ്റോ വീണതാകാം, മകളോട് നേരിട്ട് ചോദിക്കരുതായിരുന്നോ’ എന്ന രീതിയിലായിരുന്നു ജീവനക്കാരന്റെ മറുപടികൾ. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുതരാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന അമ്മൂമ്മയുടെ ചോദ്യത്തിന്, അതിനുള്ള ഓപ്ഷൻ ഇല്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാരൻ കൈയൊഴിഞ്ഞു.
മേയ് 23നാണ് അഖിലയുടെ മകൻ അർഷിദ്, രണ്ടാനച്ഛനായ അഷ്‌ക്കറിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടത്. ഇയാൾ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിന് ശേഷം നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നു. ഏഴ് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Source link
NEWS


