BUSINESS

ഭക്ഷ്യ-ഗതാഗത മേഖലകളിൽ വിലക്കയറ്റം; ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം ഉയർന്നത് 3.48 ശതമാനത്തിലേക്ക്


2026 മെയ് മാസത്തിൽ ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.93% ണായി മാറി. ഇത് തുടർച്ചയായ അഞ്ചാം മാസമാണ് പണപ്പെരുപ്പം വർധിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയാണ് വിലക്കയറ്റം ഉണ്ടായതെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ ഡാറ്റയിൽ പറയുന്നു. ഈ വർഷം ജനുവരിയിൽ പുതുക്കിയ സാധനങ്ങളുടെ പട്ടികയും (Revised Basket of Goods), പുതിയ അടിസ്ഥാന വർഷവും (New Base) ഉൾപ്പെടുത്തി ആരംഭിച്ച പുതിയ സീരിസിലെ ഏറ്റവും ഉയർന്ന നിരക്കാണ് മെയ് മാസത്തിലേത്. 2026 ഏപ്രിലിൽ രാജ്യത്ത് 3.48% എന്ന തോതിലായിരുന്നു പണപ്പെരുപ്പം ഉണ്ടായിരുന്നത്. അതേ സമയം, മെയിൽ പണപ്പെരുപ്പം വർധിപ്പിച്ചെങ്കിലും റിസർവ് ബാങ്കിന്റെ 2-6% എന്ന ‘Tolerance Band’ന് ഉള്ളിലാണിത്.അതേ സമയം, ഉയർന്ന എണ്ണവില, ദുർബലമായ മൺസൂൺ സാധ്യതകൾ എന്നിവ കണക്കിലെടുത്ത്, റിസർവ് ബാങ്ക്, നടപ്പ് സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച പ്രവചനം 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 2025ൽ രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം സ്ഥിരമായി താഴ്ച്ച രേഖപ്പെടുത്തിയിരുന്നു. 2025 ഒക്ടോബറിൽ ഇത്തരത്തിൽ 0.25% എന്ന നിലവാരം വരെ വിലക്കയറ്റത്തോത് കുറഞ്ഞു നിന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ, 2026 മെയ് മാസത്തിൽ മാത്രം നാല് തവണ ഇന്ധനവില വർദ്ധിപ്പിക്കുകയും ഇത് ഗതാഗതച്ചെലവ് ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് നിലവിൽ പുതിയ കണക്കുകൾ പുറത്തുവരുന്നത്. ഭക്ഷ്യ മേഖലയിലെ വിലക്കയറ്റം ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 2026 മെയിൽ 4.78% എന്ന നിലയിലെത്തി. നഗര മേഖലകളിലെ ഭക്ഷ്യവിലക്കയറ്റം 4.85%, ഗ്രാമീണ മേഖലകളിലേത് 4.66% എന്നിങ്ങനെയാണ്. ഈ മേഖലയിലെ വിലക്കയറ്റം കഴിഞ്ഞ വർഷത്തെ കുറഞ്ഞ നിരക്കുകളിൽ നിന്ന് വീണ്ടും ഉയർന്നു നിൽക്കുകയാണ്. ഏപ്രിലിലെ 4.20%ൽ നിന്നും മെയ് മാസത്തിൽ ഇത് 4.78% എന്ന നിലയിലേക്കാണ് കയറി നിൽക്കുന്നത്. റീടെയിൽ ഇന്ധനവില വർദ്ധനവിന്റെ പ്രതിഫലനമായി, ഗതാഗത മേഖലയിലെ വിലക്കയറ്റം ഏപ്രിൽ മാസത്തിലെ 0.01% എന്ന താഴ്ന്ന നിലവാരത്തിൽ നിന്നും, മെയിൽ 1.75% എന്ന തോതിലേക്ക് കുതിച്ചുയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രധാന ചെലവ് വിഭാഗങ്ങളിൽ (Major Expenditure Categories) ഭക്ഷണ-പാനീയ മേഖലയിലെ വിലക്കയറ്റം 4.55 ശതമാനമാണ്. റസ്റ്റോറന്റുകൾ, താമസം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഇത് 5.75 ശതമാനമായി രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലെ വിലക്കയറ്റം 2.99 ശതമാനമാനമായപ്പോൾ, ആരോഗ്യ മേഖലയിലെ പണപ്പെരുപ്പത്തോത്, താരതമ്യേന കുറഞ്ഞ നിരക്കായ 1.49 ശതമാനത്തിലേക്ക് ഒതുങ്ങി. അതേസമയം, പേഴ്സണൽ കെയർ മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുടെ വിഭാഗത്തിൽ വിലക്കയറ്റത്തോത് 18.46 ശതമാനമായി കുത്തനെ ഉയർന്നു. വിലയേറിയ ലോഹങ്ങളുടെയും (Precious Metals) അനുബന്ധ ഉൽപ്പന്നങ്ങളുടെയും വർദ്ധിച്ചുവരുന്ന വിലയാണ് ഇതിന് പ്രധാന കാരണം.തക്കാളിയുടെ വിലക്കയറ്റ നിരക്ക് ഏപ്രിലിലെ 35.26 ശതമാനത്തിൽ നിന്നും മെയ് മാസത്തിൽ 48.43 ശതമാനമായി കുതിച്ചുയർന്നു. ഇത്തരത്തിൽ തക്കാളി വില ഭക്ഷ്യ മേഖലയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് വീണ്ടും സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യമാണുണ്ടായത്. ഇഞ്ചിയുടെ വിലക്കയറ്റ നിരക്ക് 14.36 ശതമാനത്തിൽ നിന്നും 32.49 ശതമാനമായി വലിയ വർദ്ധന രേഖപ്പെടുത്തിയിട്ടുമുണ്ട്. ഭക്ഷ്യേതര ഇനങ്ങളിൽ (Non-Food Items), വെള്ളി ആഭരണങ്ങളുടെ വിലക്കയറ്റം 155.23 ശതമാനമായി ഉയർന്നപ്പോൾ, സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ പണപ്പെരുപ്പത്തോത് 40.93 ശതമാനമെന്ന ഉയർന്ന നിലയിൽ തന്നെ തുടർന്നു.


Source link

Back to top button