BUSINESS
‘ഇറാനുമായുള്ള യുദ്ധം അവസാനിച്ചു; ഹോർമുസ് ഉടൻ തുറക്കും’ – ഡൊണാൾഡ് ട്രംപ്, ഇടിഞ്ഞിറങ്ങി എണ്ണ വില, കത്തിക്കയറി ഓഹരിയും, സ്വർണ്ണവും

ലോകം കാത്തിരുന്ന വാക്കുകളാണ് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച്ച പറഞ്ഞത്. ഇറാനുമായി നടക്കുന്ന യുദ്ധത്തിൽ ‘മഹത്തായ ഒത്തു തീർപ്പ്’ ഉടൻ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. കഴിയുന്നതും ഈ വാരം അവസാനത്തോടെ സമാധാന കരാറിൽ ഒപ്പിടുമെന്നാണ് ട്രംപ് അറിയിച്ചത്. ഇതോടെ തിളച്ചു കൊണ്ടിരുന്ന എണ്ണ വില താഴേക്കിറങ്ങി, ഇടിഞ്ഞിറങ്ങിയ ഓഹരി വിപണികളും, സ്വർണ്ണവും തിരിച്ചു കയറുകയും ചെയ്തു.മധ്യസ്ഥ ചർച്ചകൾ നടത്തുന്നവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, അടുത്ത വാരം തുടക്കത്തിൽ സമാധാന കരാർ നടപ്പായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഇറാൻ ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.”ഞങ്ങൾ ഇറാനുമായി സമാധാന ഉടമ്പടിയിലെത്തി. കരാർ ഒപ്പിടുന്ന ദിവസം തന്നെ ഹോർമുസ് തുറക്കും. ദിവസങ്ങൾക്കകം ഇക്കാര്യങ്ങൾ സംഭവിക്കും. ചിലപ്പോൾ ഈയാഴ്ച്ച തന്നെ ഉടമ്പടി യാഥാർത്ഥ്യമായേക്കും” – ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കു വെച്ച കുറിപ്പിൽ പറയുന്നു. ഇറാനെ ആക്രമിക്കുമെന്ന് മണിക്കൂറുകൾക്ക് മുമ്പ് നിലപാട് എടുത്തിരുന്ന ട്രംപ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.ഇറാനുമായുള്ള യുദ്ധം ഇന്ന് അവസാനിപ്പിച്ചതായി ട്രംപ് പറയുകയും ചെയ്തു. ജോർജ്ജിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനർത്ഥി ബർട്ട് ജോൺസിന് വേണ്ടിയുള്ള ടെലി റാലിയിൽ സംസാരിക്കുമ്പോഴാണ് യു. എസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. “ഞങ്ങൾ ഇന്ന് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ആണവായുധം ഒരിക്കലും ഉണ്ടാക്കില്ലെന്ന് അവർ സമ്മതിച്ചു. അതായിരുന്നു ലക്ഷ്യം, അതാണ് 95 ശതമാനവും”- ട്രംപ് പറഞ്ഞു.എണ്ണ വിലയിൽ ആശ്വാസംട്രംപിന്റെ പ്രഖ്യാപനമുണ്ടായതോടെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. നിലവിൽ WTI ക്രൂഡ് 1.96% താഴ്ച്ചയിൽ 85.99 ഡോളറിലും, ബ്രെന്റ് ക്രൂഡ് 2.24% താഴ്ച്ചയിൽ 88.36 ഡോളറിലുമാണുള്ളത്.പശ്ചിമേഷ്യൻ യുദ്ധത്തിന് മുമ്പ് 60 ഡോളർ നിലവാരങ്ങളിലായിരുന്നു ക്രൂഡ് വില. എന്നാൽ യുദ്ധം തീവ്രമായതോടെ 120 ഡോളറിലേക്ക് നിരക്കുകൾ കുതിച്ചു കയറി. ഹോർമുസ് തുറക്കുന്നതോടെ യുദ്ധത്തിന് മുമ്പുള്ളതിലും താഴേക്ക് വില ഇറങ്ങുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.കത്തക്കയറി ഓഹരിയും സ്വർണ്ണവുംട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ലോകമെങ്ങുമുള്ള ഓഹരി വിപണികളിൽ ആവേശം പ്രകടമാണ്. ഇന്ത്യയിൽ, വെള്ളിയാഴ്ച്ച രാവിലത്തെ സെഷനിൽ നിഫ്റ്റി 50 സൂചിക 200 പോയിന്റുകളിലുമധികം ഉയർന്നു. ബി. എസ്. ഇ സെൻസെക്സ് 800 പോയിന്റുകളിലധികവും, നിഫ്റ്റി ബാങ്ക് 750 പോയിന്റുകളിലധികവും ഉയർച്ച നേടി.ഡോളർ സൂചിക താഴേക്കിറങ്ങിയതോടെ സ്വർണ്ണം തിരിച്ചു കയറാനും തുടങ്ങി. ഒരു വേള 200 ഡോളറിലധികം രാജ്യാന്തര സ്വർണ്ണ വില ഉയർന്നു. നിലവിൽ 4,179.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ കേരളത്തിൽ പവന് 2,160 രൂപയുടെയും, ഗ്രാമിന് 270 രൂപയുടെയും വർധനവുണ്ടായി.
Source link


