BUSINESS

കേരളത്തിൽ റെയിൽവേ മെയിൽ സർവീസ് നിർത്തുന്നു; ഇനി ‘റോഡ്’ ഉപയോഗിക്കും


കൊച്ചി∙ തപാൽ വകുപ്പിന്റെ നട്ടെല്ലായ റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) വിഭാഗം കേരളത്തിൽ അവസാനിപ്പിക്കാൻ തപാൽ വകുപ്പ്. പകരം തപാൽ വകുപ്പിന്റെ വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ട് റോഡ് മാർഗമുള്ള റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക് (ആർടിഎൻ) ആരംഭിക്കാനാണു തീരുമാനം. ഇതോടെ തപാൽ വിതരണം ഏറ്റവും സുരക്ഷിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്തിരുന്ന ട്രെയിനുകളിലെ ആർഎംഎസ് വിഭാഗം ഇനി മുതൽ ഉണ്ടാകില്ല. 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് മാർഗമുള്ള സേവനം ആരംഭിക്കും. ജൂലൈ ഒന്നിന് റെയിൽവേയിൽ നിന്നു മാറാനുള്ള കത്ത് കൊടുക്കും. ഓഗസ്റ്റ് മുതൽ പൂർണമായും റോഡ് മാർഗത്തിലേക്കു മാറാനാണ് കേരള തപാൽ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്.മറ്റു പല സംസ്ഥാനങ്ങളിലും പുതിയ സംവിധാനം നടപ്പാക്കിയെങ്കിലും കേരളത്തിൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്നു തീരുമാനം നീട്ടുകയായിരുന്നു. റെയിൽവേ വഴി പാഴ്സൽ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ കൊണ്ടുവരുന്നത് റോഡ് വഴിയുള്ള തപാൽ നീക്കത്തേക്കാൾ ചെലവ് കൂടിയതാണെന്നാണ് തപാൽ വകുപ്പിന്റെ വാദം. എന്നാൽ കേരളം പോലുള്ള സ്ഥലത്തെ റോഡ് സാഹചര്യങ്ങളും കാലാവസ്ഥയും പരിഗണിച്ചാൽ സമയം പാലിച്ചുള്ള തപാൽ നീക്കം പ്രായോഗികമല്ല എന്ന വാദമാണ് ജീവനക്കാരുടേത്. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമായിരുന്ന വിവിധ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിക്കാനും തീരുമാനം ഇടയാക്കുമെന്ന ആശങ്കയുണ്ട്.തപാൽ നീക്കത്തിന് തപാൽ വകുപ്പിന്റെ വാഹനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങൾ കൂടി ഉപയോഗപ്പെടുത്താനാണു നിർദേശം. അങ്ങനെ വന്നാൽ പ്രധാന രേഖകൾ ഉൾപ്പെടെ കൈമാറ്റം ചെയ്യുന്ന സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജീവനക്കാർ പറയുന്നു.റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഴുവൻ ആർഎംഎസ് ഓഫിസുകളും അടച്ചുപൂട്ടുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിലും ആശങ്കയുണ്ട്.


Source link

Back to top button