ലേണേഴ്സ് ക്ലാസിന്റെ പേരിലുള്ള തട്ടിപ്പ് ഇനി നടക്കില്ല, പണപ്പിരിവ് വിലക്കി ഗതാഗത കമ്മിഷണർ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കായുള്ള പ്രീ ലേണേഴ്സ് ക്ലാസുകൾക്ക് ഫീസ് ഈടാക്കുന്നത് തടഞ്ഞ് ഗതാഗത കമ്മിഷണർ സി. നാഗരാജു. ക്ലാസിന്റെ പേരിൽ കൊല്ലത്തെയും കരുനാഗപ്പള്ളിയിലെയും മോട്ടോർ വാഹന ഓഫീസുകളിൽ അപേക്ഷകരിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയെ തുടർന്നാണ് കമ്മിഷണർ അടിയന്തര നടപടിയെടുത്തത്.
കൊല്ലം, കരുനാഗപ്പള്ളി ഓഫീസുകളിലെ പ്രീ ലേണേഴ്സ് ക്ലാസുകൾ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ സന്നദ്ധ സംഘടനയായ ട്രോമ കെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ (ട്രാക്ക് ) ആണ് നടത്തിയിരുന്നത്. ഇവർ അപേക്ഷകരിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ ഫീസ് ഈടാക്കിയതാണ് വിവാദമായത്. റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പ് പ്രീലേണേഴ്സ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സാധാരണയായി എം.വി.ഡി ഉദ്യോഗസ്ഥരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ചില ഓഫീസുകളിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടാൻ വകുപ്പ് അനുമതി നൽകിയിരുന്നു. ഈ അനുമതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്തും കരുനാഗപ്പള്ളിയിലും ക്ലാസ് നടത്തിപ്പ് ട്രാക്കിന് കൈമാറിയത്.
മറ്റ് ആർ.ടി.ഒകളിലും സമാന സംവിധാനം ഏർപ്പെടുത്താൻ നീക്കം നടക്കുന്നതിനിടെയാണ് കമ്മിഷണറുടെ നടപടി. അപേക്ഷകരിൽ നിന്ന് ഒരു സാഹചര്യത്തിലും പണം ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. അതേസമയം കോഴ്സ് നടത്തിപ്പിനും അനുബന്ധ ചെലവുകൾക്കുമാണ് തുക ഈടാക്കിയതെന്ന് ട്രാക്ക് ഭാരവാഹികൾ അറിയിച്ചു.
Source link
NEWS


