NEWS

സെർവർ തകരാർ:റവന്യൂ സേവനങ്ങൾ മുടങ്ങി #വലഞ്ഞ് ജനം

തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ ഓൺലൈൻ സംവിധാനം തകരാറിലായതോടെ വില്ലേജ്, താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കാതെ ജനങ്ങൾ വലഞ്ഞു. ഏറ്റവും അത്യാവശ്യമായ ജാതി, വരുമാന, ബാദ്ധ്യതാ സർട്ടിഫിക്കറ്റുകളും കരം തീർക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളും കിട്ടാതായി. പരാതിയുമായി എത്തിയവർക്ക് ലഭിച്ചത് സെർവർ തകരാർ എന്ന മറുപടി. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ആൾക്കാരാണ് ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലായത്.

ഇ ഡിസ്ട്രിക്ട്, റവന്യൂ സർവീസ് , കാൻസർ പെൻഷൻ ഉൾപ്പെടെ എട്ടോളം സേവനങ്ങളാണ് പോർട്ടലുകൾ വഴി നൽകേണ്ടത്. 21 ഇനങ്ങളിലെ സർട്ടിഫിക്കറ്റുകൾ വില്ലേജ്, താലൂക്ക് ഓഫീസുകൾ വഴി നൽകേണ്ടതുണ്ട് . മൂന്ന് ദിവസമായി സേവനങ്ങൾ അപ്പാടെ നിലച്ചിരിക്കുകയാണ്. സ്റ്റേറ്റ് ഡേ റ്റാ സെന്ററിൽ ശേഷി കൂട്ടാനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സെർവർ തടസം നേരിട്ടതെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന ഐ.ടി സെല്ലാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ജോലികൾ പൂർത്തിയായെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ നടക്കുന്നില്ലെന്നതാണ് സത്യം.

പ്ളസ് ടു അടക്കം പ്രവേശന സമയമായതിനാൽ ജാതി , വരുമാന സർട്ടിഫിക്കറ്റുകൾക്ക് കൂട്ടത്തോടെ അപേക്ഷിക്കുന്നതാണ് സെർവർ മന്ദഗതിയിലാവാൻ മറ്റൊരു കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. രക്ഷകർത്താക്കൾ നേരിട്ട് അപേക്ഷിക്കുന്നതിന് പുറമെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ഒരേ സമയം വലിയതോതിൽ അപേക്ഷകൾ അപ് ലോഡ് ചെയ്യുന്നു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വില്ലേജ് ഓഫീസുകളിലും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടാണെങ്കിൽ താലൂക്ക് ഓഫീസ് വഴിയുമാണ് അപേക്ഷിക്കേണ്ടത്.

“ സെർവറിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം റവന്യൂ സേവനങ്ങൾ തടസപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എത്രയും വേഗം പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.“

-റവന്യൂമന്ത്രിയുടെ ഓഫീസ്


Source link
NEWS

Back to top button