NEWS

ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം: അസഭ്യം പറഞ്ഞു മർദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരം∙ ‘‘ഓടുന്ന ട്രെയിൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ അയാൾ എന്നെ പുറത്തേക്ക് തള്ളിയിട്ടേനെ. മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ. അങ്ങനെയെങ്കിൽ ഇന്ന് എനിക്ക് ഇങ്ങനെ സംസാരിക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആ സമയത്ത് ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ രാത്രിയായിരുന്നോ എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭാഗ്യത്തിന് ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട സമയത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്.’’ – ഇന്ന് രാവിലെ മലബാർ എക്‌സ്പ്രസിലും തുടർന്ന് റെയിൽവേ സ്റ്റേഷനിലും വെച്ച് അതിക്രമത്തിന് ഇരയായ യുവതി തന്റെ നടുക്കുന്ന അനുഭവത്തെക്കുറിച്ച് വിതുമ്പലോടെ വിവരിക്കുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായ തുറക്കാൻ പോലും കഴിയാത്ത വിധം അവശയായ യുവതി ശരീരമാസകലം വേദന അനുഭവിക്കുന്നുണ്ട്. ‘‘ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പതിവ് പോലെയാണ് ഞാൻ ട്രെയിനിൽ കയറിയത്. വല്ലാതെ തിരക്കുണ്ടായിരുന്നതുകൊണ്ട് ബാഗ് അഴിച്ചെടുത്ത് മുന്നിൽ ചേർത്തുപിടിച്ചാണ് നിന്നിരുന്നത്. പെട്ടെന്ന് പിന്നിൽ നിന്ന് ആരോ തള്ളുന്നതായും മുഖത്ത് അമർത്തുന്നതായും തോന്നി. ആദ്യം തിരക്ക് കാരണമായിരിക്കുമെന്ന് കരുതി അവഗണിച്ചു. എന്നാൽ വീണ്ടും അതേ നീക്കങ്ങൾ ആവർത്തിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. മോശമായ ഉദ്ദേശ്യത്തോടെയുള്ള ആംഗ്യങ്ങളുമായാണ് അയാൾ നിൽക്കുന്നതെന്ന് അപ്പോൾ മനസ്സിലായി. തൊട്ടടുത്ത് നിന്നിരുന്ന ഒരു യുവാവ് ഉടൻ ഇടപെട്ടു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് അയാളുടെ കോളറിൽ പിടിച്ചു മാറ്റി. അപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് അയാൾ നിന്നത്.’’ – യുവതി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button