ആറു ദിവസത്തിനുള്ളിൽ ജനസംഖ്യയുടെ പകുതിയിലധികം പേർ; സ്പെയിനിൽ രൂക്ഷമായ അഭയാർഥി പ്രതിസന്ധി

മാഡ്രിഡ് / ലാ പാൽമാസ്∙ വിനോദസഞ്ചാരികളുടെ പറുദീസയായ കാനറി ദ്വീപുകളിലേക്ക് അഭയാർഥികളുടെ ഒഴുക്ക് നിയന്ത്രണാതീതമാകുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സാഹസികമായി യാത്ര ചെയ്ത് ദിവസവും നൂറുകണക്കിന് ആഫ്രിക്കൻ പൗരന്മാരാണ് യൂറോപ്യൻ യൂണിയനിൽ സുരക്ഷിത താവളം തേടി സ്പാനിഷ് ദ്വീപുകളിലെത്തുന്നത്.
∙ എൽ ഹിയേറോയിൽ പ്രതിസന്ധി രൂക്ഷം
വെറും 12,000 പേർ മാത്രം അധിവസിക്കുന്ന കാനറി ദ്വീപസമൂഹത്തിലെ ഏറ്റവും ചെറിയ തുരുത്തായ എൽ ഹിയേറോയിലേക്ക് കേവലം ആറു ദിവസത്തിനുള്ളിൽ കടന്നുവന്നത് 6,000-ത്തിലധികം അഭയാർഥികളാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1,066 പേർ ഇവിടെ കാലുകുത്തി. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ എത്തിയവരുടെ എണ്ണം 8,000 പിന്നിട്ടു കഴിഞ്ഞു. ഇത്രയധികം ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ദ്വീപിലില്ലെന്നും, ഇവിടുത്തെ ഏക ആശുപത്രിയും സന്നദ്ധ പ്രവർത്തകരും കടുത്ത സമ്മർദത്തിലാണെന്നും കൗൺസിൽ പ്രസിഡന്റ് അൽപീഡിയോ അർമാസ് അറിയിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണെന്ന് കാനറി റീജിയണൽ പ്രസിഡന്റ് ഫെർണാണ്ടോ ക്ലാവിജോയും ആശങ്ക പങ്കുവെച്ചു.
∙ മനുഷ്യക്കടത്തിന്റെ ഇരകൾ
സെനഗൽ, മൗറിത്താനിയ, മൊറോക്കോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കിയതോടെ, മനുഷ്യക്കടത്ത് സംഘങ്ങൾ കൂടുതൽ അപകടകരമായ സമുദ്രപാതകളാണ് തിരഞ്ഞെടുക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത, ശോഷിച്ച ബോട്ടുകളിൽ ആളുകളെ കുത്തിനിറച്ച് ഭീമമായ തുക ഈടാക്കിയാണ് ഈ മാഫിയാ സംഘങ്ങൾ ക്രൂരമായ വ്യാപാരം തുടരുന്നത്.




