HEALTH

അമ്മയുടെ ഓർമ്മയിൽ മമ്മൂട്ടിയുടെ കൈപ്പട: കണ്ണീർ നനവോടെ താരം

കൊച്ചി: കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിൽ ലോകത്തിന്റെ വിസ്മയങ്ങളിലേക്ക് കണ്ണുതുറക്കാൻ കഴിയാതിരുന്ന ഒരുപറ്റം കുരുന്നുകൾ, ഇന്ന് ശബ്ദത്തിന്റെ വലിയ ലോകത്തേക്ക് കടന്നുവന്നിരിക്കുന്നു. അവരുടെ കാതുകൾ കേൾവിയുടെ പുതിയൊരു പ്രപഞ്ചത്തിലേക്ക് വാതിൽ തുറന്നപ്പോൾ, വാക്കുകൾ കുറിക്കാൻ തയ്യാറായ സ്ലേറ്റുകൾ പോലെ അവരുടെ നാവുകളും ഉണർന്നു. ‘കാതോട് കാതോരം’ എന്ന പദ്ധതിയിലൂടെ ജീവിതത്തിലേക്ക് പുതിയൊരു തുടക്കം കുറിച്ച ഈ കുഞ്ഞുങ്ങൾക്കൊപ്പം അവിചാരിതമായി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെത്തിയതോടെ സംഗമം ഏറെ ഹൃദ്യമായി. ഈ വേദിയിൽ വെച്ച് ‘അമ്മ’ എന്ന വാക്ക് കുഞ്ഞുങ്ങളെക്കൊണ്ട് എഴുതിച്ചത് മമ്മൂട്ടിയായിരുന്നു.

രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയിലൂടെ സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഒത്തുചേരലാണ് നടന്നത്. ഇടുക്കി ചെമ്മണ്ണാർ സ്വദേശി ആഞ്ചലോ മുതൽ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ നെട്ടൂർ സ്വദേശി ഉമറൂൾ ഫാറൂഖ് വരെയുള്ളവർ ഈ സ്നേഹസംഗമത്തിൽ പങ്കെടുത്തു. തങ്ങളെ ശബ്ദത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ താരത്തെ നേരിൽ കാണാനായതിന്റെ ആവേശത്തിലായിരുന്നു കുരുന്നുകളും രക്ഷിതാക്കളും.

തങ്ങളുടെ മക്കളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അതുവരെയുണ്ടായിരുന്ന വിഷമങ്ങളും പങ്കുവെച്ച അമ്മമാർ മമ്മൂട്ടിക്ക് മുന്നിൽ നിറകണ്ണുകളോടെ നന്ദിയറിയിച്ചു. രണ്ടു മണിക്കൂറിലേറെ സമയം കുഞ്ഞുങ്ങളോടൊപ്പം ചെലവഴിച്ച താരം, അവരോട് വിശേഷങ്ങൾ ചോദിച്ചും വാത്സല്യത്തോടെ ചേർത്തുപിടിച്ച് ചിത്രങ്ങൾ എടുത്തും ഒപ്പം കൂടി. വാക്കുകൾ അന്യമായിരുന്ന കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടി, അവരുടെ സ്ലേറ്റുകളിൽ ‘അമ്മ’ എന്ന് എഴുതി നൽകി. മക്കൾ അക്ഷരങ്ങൾ കുറിക്കുന്നത് കണ്ടപ്പോൾ രക്ഷിതാക്കളുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു.

ഷൂട്ടിംഗ് സെറ്റുകളിലെ തന്റെ ലാളിത്യം ഈ സ്നേഹസംഗമത്തിലും താരം കാത്തുസൂക്ഷിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും കരുതിയ ബിരിയാണി സ്വയം വിളമ്പി നൽകിയ താരം, സമ്മാനങ്ങളും നൽകിയാണ് അവരെ യാത്രയാക്കിയത്. “ഈ കുരുന്നുകൾ ഭാവിയിൽ വലിയ നിലയിലെത്തണം. കുറച്ചുപേർക്കെങ്കിലും തുണയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നല്ല മനസ്സുള്ള ഡോക്ടർമാരും രാജഗിരി ആശുപത്രിയെപ്പോലെയുള്ള സ്ഥാപനങ്ങളും കൂടെയുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ എളുപ്പമാകുന്നു,” മമ്മൂട്ടി തന്റെ സന്തോഷം പങ്കുവെച്ചു.

“ഒരു കുഞ്ഞ് ആദ്യമായി അച്ഛാ എന്നും അമ്മ എന്നും വിളിക്കുന്നത് കേൾക്കുമ്പോഴുള്ള വൈകാരികമായ അനുഭവം വാക്കുകൾക്ക് അതീതമാണ്. ആ സംതൃപ്തിയാണ് കാതോട് കാതോരം പദ്ധതിയെ നമ്മളോട് ചേർത്തുനിർത്തുന്നത്,” രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ വ്യക്തമാക്കി.

ചടങ്ങിൽ ഫാ. ജോയ് കിളിക്കുന്നേൽ, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു, ഡോ. സജിത്ത് അബ്രാഹാം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് എസ്, ഡോ. വി. എ. ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

Life Style ⏭️

Back to top button