കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റവുമായി പ്രസിഷൻ ഒങ്കോളജി; ട്യൂമറുകളുടെ ജനിതക ഘടന നിർണ്ണായകമാകുന്നു

നവംബർ 7 ദേശീയ അർബുദ ബോധവൽക്കരണ ദിനമായി ആചരിക്കുമ്പോൾ, കാൻസർ ചികിത്സാ രംഗത്ത് സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന വിസ്മയകരമായ മാറ്റങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഒരുകാലത്ത്, രോഗബാധിതമായ അവയവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിശ്ചയിച്ചിരുന്ന പൊതുവായ ചികിത്സാരീതികളായിരുന്നു അർബുദത്തിന് നൽകിയിരുന്നത്. ശ്വാസകോശത്തിലോ സ്തനത്തിലോ അർബുദം കണ്ടാൽ, കീമോതെറാപ്പിയോ റേഡിയേഷനോ പോലുള്ള പരമ്പരാഗത മാർഗ്ഗങ്ങളാണ് എല്ലാവർക്കും ഒരേപോലെ പ്രയോഗിച്ചിരുന്നത്. എന്നാൽ ഈ ശൈലി എല്ലാവരിലും ഗുണകരമായിരുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഗുരുതരമായ പാർശ്വഫലങ്ങളിലേക്കും നയിച്ചിരുന്നു. ഇവിടെയാണ് ഓരോ രോഗിയുടെയും ജനിതക ഘടനയ്ക്ക് അനുസൃതമായ ചികിത്സയുടെ പ്രസക്തി തെളിയുന്നത്.
കഴിഞ്ഞ ദശകത്തിൽ വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങൾ അർബുദത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അടിമുടി മാറ്റിമറിച്ചു. ഇതൊരു ഏകീകൃത രോഗമല്ലെന്നും, മറിച്ച് ജനിതക വ്യതിയാനങ്ങൾ നിമിത്തം ശരീരകോശങ്ങളിൽ സംഭവിക്കുന്ന സങ്കീർണ്ണമായ മാറ്റങ്ങളുടെ ഒരു പരമ്പരയാണെന്നും തിരിച്ചറിയാൻ സാധിച്ചു. ഇന്ന് ഓങ്കോളജിസ്റ്റുകൾ ട്യൂമറുകളെ അവയുടെ സ്ഥാനം കൊണ്ട് മാത്രമല്ല, ജനിതകവും മോളിക്യുലാർവുമായ സവിശേഷതകൾ കൂടി വിലയിരുത്തിയാണ് ചികിത്സാ പദ്ധതികൾ തയ്യാറാക്കുന്നത്. ‘പ്രിസിഷൻ ഓങ്കോളജി’ എന്ന ഈ അത്യാധുനിക ചികിത്സാ ശാഖ, ഓരോ രോഗിക്കും അനുയോജ്യമായ ടാർഗെറ്റഡ് തെറാപ്പികൾ കൃത്യമായി തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.
നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (എൻ.ജി.എസ്), ലിക്വിഡ് ബയോപ്സി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാണ് ഈ വിപ്ലവത്തിന് അടിത്തറ പാകിയത്. എൻ.ജി.എസ് സാങ്കേതികവിദ്യ വഴി ട്യൂമറുകളുടെ ജനിതക മാറ്റങ്ങളെ ഒരേസമയം സൂക്ഷ്മമായി വിശകലനം ചെയ്യാൻ സാധിക്കുന്നു. ശസ്ത്രക്രിയയിലൂടെ കോശങ്ങൾ ശേഖരിക്കുക എന്നത് പലപ്പോഴും ദുഷ്കരമായിരുന്നു. എന്നാൽ ലളിതമായ രക്തപരിശോധനയിലൂടെ ട്യൂമറിന്റെ സാന്നിധ്യവും അതിന്റെ ജനിതക ഘടനയും തിരിച്ചറിയാൻ സഹായിക്കുന്ന ‘ലിക്വിഡ് ബയോപ്സി’ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇത് രോഗികൾക്ക് വേദനയില്ലാത്തതും കൃത്യവുമായ നിർണ്ണയങ്ങൾ ലഭ്യമാക്കുന്നു.
ഇതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അർബുദ ചികിത്സയിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. അതിബൃഹത്തായ ജനിതക ഡാറ്റകളെയും മോളിക്യുലാർ വിവരങ്ങളെയും അതിവേഗം വിശകലനം ചെയ്തുകൊണ്ട്, ഓരോ രോഗിക്കും ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ആവിഷ്കരിക്കാൻ ഡോക്ടർമാർക്ക് എഐ പിന്തുണ നൽകുന്നു. ഇത്തരം ആധുനിക സൗകര്യങ്ങളിലൂടെ മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കി ഈ മേഖല പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
പഴയകാല ചികിത്സാരീതികളിൽ നിന്ന് മാറി, ഓരോ വ്യക്തിയുടെയും ഡി.എൻ.എ ഘടനയെ ആസ്പദമാക്കിയുള്ള വ്യക്തിഗത ചികിത്സകളിലേക്കുള്ള ഈ പരിവർത്തനം അർബുദത്തിനെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ്. രോഗികളുടെ അതിജീവന സാധ്യതകൾ വർദ്ധിപ്പിക്കാനും പാർശ്വഫലങ്ങൾ ലഘൂകരിക്കാനും പ്രിസിഷൻ ഓങ്കോളജി സഹായിക്കുന്നു. നവംബർ 7 നൽകുന്ന സന്ദേശം ബോധവൽക്കരണത്തിനപ്പുറം, ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കൃത്യസമയത്ത് ഓരോ രോഗിയിലേക്കും എത്തിക്കുക എന്നതു കൂടിയാണ്. ഓരോ വ്യക്തിയുടെയും ജനിതക സവിശേഷതകൾ പോലെ കൃത്യമായ ചികിത്സാ പദ്ധതികൾ ഉറപ്പാക്കുന്ന ഈ പുതിയ കാലഘട്ടം, അർബുദ ചികിത്സയിൽ വമ്പിച്ച പ്രത്യാശയാണ് പകരുന്നത്.
തയ്യാറാക്കിയത്: ഡോ. ജെം കളത്തിൽ, ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡ് & സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി




