തിരുവനന്തപുരം – മംഗളുരു വന്ദേ ഭാരത്: രാജ്യത്ത് ഏറ്റവുമധികം യാത്രക്കാരുള്ള റൂട്ടായി മാറി

ന്യൂഡൽഹി: രാജ്യത്തെ വന്ദേഭാരത് സർവീസുകളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള റൂട്ടായി തിരുവനന്തപുരം – മംഗളുരു പാത മാറി. റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ റൂട്ടിലെ ഒക്യുപ്പൻസി നിരക്ക് 189.35 ശതമാനമാണ്. മംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള തിരിച്ചുള്ള സർവീസിൽ 174.77 ശതമാനം പേർ യാത്ര ചെയ്യുന്നുണ്ട്. രാജ്യത്തെ മറ്റ് ചെയർ കാർ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി ഒക്യുപ്പൻസി നിരക്ക് 99.10 ശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ ട്രെയിൻ വലിയ നേട്ടം സ്വന്തമാക്കുന്നത്.
യാത്രക്കാരുടെ എണ്ണം കണക്കാക്കുന്ന രീതിയിലാണ് ഈ വ്യത്യാസം പ്രകടമാകുന്നത്. ഒരു സീറ്റിൽ യാത്രയുടെ വിവിധ ഘട്ടങ്ങളിലായി എത്രപേർ സഞ്ചരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപ്പൻസി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, തിരുവനന്തപുരത്തു നിന്ന് കയറിയ ഒരാൾ കൊല്ലത്ത് ഇറങ്ങുകയും, അവിടെ നിന്ന് മറ്റൊരാൾ കോഴിക്കോട് വരെ യാത്ര ചെയ്യുകയും ചെയ്താൽ ആ ഒരു സീറ്റിൽ രണ്ട് പേർ യാത്ര ചെയ്തതായി കണക്കാക്കുന്നു. ഇത്തരത്തിൽ സീറ്റുകളുടെ എണ്ണത്തെക്കാൾ ഏകദേശം 1.9 ഇരട്ടിയോളം ആളുകൾ ഒരൊറ്റ സർവീസിൽ യാത്ര ചെയ്യുമ്പോഴാണ് ഒക്യുപ്പൻസി 189.35 ശതമാനമായി ഉയരുന്നത്.
സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിലും ഈ റൂട്ട് റെക്കോർഡ് നേട്ടം കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വന്ദേഭാരത് സർവീസുകൾ ആകെ 249.65 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതിൽ തിരുവനന്തപുരം – മംഗളുരു റൂട്ട് മാത്രം 62.20 കോടിയും, മംഗളുരു – തിരുവനന്തപുരം മടക്ക സർവീസ് 59.10 കോടി രൂപയും വരുമാനമായി എത്തിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 30.71 കോടിയായിരുന്നു. ഉത്തരേന്ത്യയിലെ പല പ്രമുഖ റൂട്ടുകളെയും പിന്തള്ളിയാണ് കേരളത്തിന്റെ ഈ വന്ദേഭാരത് കുതിപ്പ്.




