NEWS

കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ സർക്കാർ നിലപാട് തിരുത്തണം: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം : ചേരാനല്ലൂരില്‍ പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍, സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇരയായ കുടുംബത്തിനൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന് നഷ്ടപ്പെട്ട ജീവന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രായം കുറവാണെന്ന കാരണത്താല്‍ കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണരുതെന്നും, നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്ന പ്രവണത ഒട്ടും ശരിയല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ചേരാനല്ലൂര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് വലിയൊരു സാമൂഹിക വിപത്താണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ എന്താകുമെന്നും ചെന്നിത്തല ആശങ്ക പ്രകടിപ്പിച്ചു. കേസിലെ അന്വേഷണവും നിയമനടപടികളും പൂര്‍ണ്ണമായും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന രീതിയിലായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ വാഹനാപകട കേസിലെ പ്രതിയായ 17കാരന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കാമെന്നും വാഹനം വിട്ടുനല്‍കാമെന്നുമുള്ള ഉറപ്പുകള്‍ പരിഗണിച്ചാണ് കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കിയത്. കൂടാതെ, കേസിലെ മുഖ്യപ്രതിയായ 17കാരന് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നീട്ടി നല്‍കുകയും ചെയ്തിരുന്നു.

Sports ⏭️

Read News ⏭️

Back to top button