NEWS

തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ്: അമ്പതിൽ അമ്പത് വിജയം

തിരുവനന്തപുരം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച പ്രകടനവുമായി പത്തനംതിട്ട തിരുവല്ലയിലെ സി.എസ്.ഐ വി.എച്ച്.എസ് ബധിരവിദ്യാലയം ചരിത്രം കുറിച്ചു. ലഭ്യമായ 50 പോയിന്റും പൂർണമായി സ്വന്തമാക്കിക്കൊണ്ടാണ് ഈ വിദ്യാലയം ഒന്നാമതെത്തിയത്.

സി.എസ്.ഐ സഭയുടെ മധ്യമേഖല ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ ബധിരവിദ്യാലയമെന്ന പ്രത്യേകത കൂടിയുണ്ട്. ആകെ 34 മത്സരാർത്ഥികളാണ് ഇത്തവണ കലോത്സവത്തിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും എത്തിയത്.

കലോത്സവത്തിൽ ഷോൺ ഗീവർഗീസ് എന്ന വിദ്യാർത്ഥി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. പങ്കെടുത്ത മൂന്ന് മത്സരയിനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കാൻ ഷോണിന് സാധിച്ചു. വാട്ടർ കളർ പെയിന്റിംഗ്, മോണോ ആക്ട്, ബാന്റ് മേളം എന്നിവയിലായിരുന്നു ഷോണിന്റെ വിജയം. നേരത്തെയും ചിത്രം വരയിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മിടുക്കനാണ് ഷോൺ. ജന്മനാ സംസാരശേഷിയില്ലാത്ത ഷോൺ പിതാവ് ഗീവർഗീസിന്റെയും അധ്യാപകരുടെയും പിന്തുണയോടെയാണ് മത്സരത്തിനെത്തിയത്. ഷോണിന്റെ മാതാവായ ഷീജ ഫിലിപ്പിനും സംസാരശേഷി ലഭ്യമല്ല.

Sports ⏭️

Read News ⏭️

Back to top button