ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം: സംഗീതാർച്ചനയ്ക്ക് തിരിതെളിഞ്ഞു

ഗുരുവായൂർ: ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ഒരുക്കിയ ചെമ്പൈ സംഗീതമണ്ഡപത്തിൽ സംഗീതാർച്ചനകൾക്ക് ഉജ്ജ്വല തുടക്കം കുറിച്ചു. ഇന്നലെ പുലർച്ചെ ശ്രീകോവിലിൽ നിന്നും തെളിയിച്ചുകൊണ്ടുവന്ന ദീപം, മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീതമണ്ഡപത്തിൽ സജ്ജീകരിച്ചിരുന്ന നിലവിളക്കിലേക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പകർന്നു നൽകി. ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, സംഗീതോത്സവം സബ് കമ്മിറ്റി കൺവീനർ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
അഖിൽ മാവേലിക്കര, സുഭാഷ് കോട്ടപ്പുറം, സതീഷ് കരിയന്നൂർ, ശിവശങ്കരൻ, വിഷ്ണു, നവനീത്, കൃഷ്ണദാസ് എന്നിവർ നയിച്ച മംഗളവാദ്യത്തോടെയാണ് പരിപാടികൾക്ക് തിരശ്ശീല ഉയർന്നത്. തുടർന്ന്, പതിനഞ്ച് നാൾ നീണ്ടുനിൽക്കുന്ന ഈ സംഗീതവിരുന്നിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് സംഗീതോത്സവം സബ് കമ്മിറ്റിയംഗങ്ങൾ അവതരിപ്പിച്ച ഗണപതിസ്തുതി നടന്നു.




