SPORTS
സഹതാരങ്ങളോട് ഇനി മത്സരിക്കാനില്ല: പറഞ്ഞതിൽ ഉറച്ച് സഞ്ജു സാംസൺ

ദുബായ്∙ ഇനി മറ്റുള്ളവർ പറയുന്നത് അനുസരിച്ച് കളിക്കാനില്ലെന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘‘ക്രിക്കറ്റ് ഒരു ടീം ഇനമാണ്. മറ്റു ടീമുകളോടാണ് മത്സരിക്കേണ്ടത്. സ്വന്തം ടീമിലെ സഹതാരങ്ങളോടല്ല. അത് എന്റെ രീതിയല്ല. ന്യൂസീലൻഡ് പരമ്പരയ്ക്കു ശേഷം ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപാണ് എനിക്ക് അങ്ങനെ തോന്നിയത്. ആ കാര്യമാണു ഞാന്‍ അഭിമുഖത്തിൽ പറഞ്ഞത്. കുട്ടിക്കാലം മുതൽ തന്നെ താരങ്ങൾക്കു മേൽ സമ്മർദമുണ്ട്. അപ്പോഴാണ് കളി ആസ്വദിക്കാൻ സാധിക്കാതിരിക്കുന്നത്.’’– സഞ്ജു ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു.ടീമിലിടം കിട്ടാൻ മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും സ്വന്തം ഉൾവിളികളെ തുടർന്നും വിശ്വസിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടിയ സഞ്ജുവിനെ, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെത്തുടർന്ന് പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.‘‘എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, പക്ഷേ ഞാൻ അത് എന്റെ രീതിയിൽ ചെയ്യും. 2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒരു ഘട്ടത്തിൽ ഞാൻ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ 2028ലേക്ക് പ്ലാൻ ചെയ്യാൻ കഴിയും? ഞാൻ ഉണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് വരും. ഇല്ലെങ്കിൽ, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.’’– ജിയോസ്റ്റാറിനോട് സഞ്ജു പറഞ്ഞു.
Auto ⏭️


