NEWS

ശക്തമായ മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രതീകാത്മക ചിത്രം

വയനാട്: ശക്തമായ മഴയെ തുടർ‌ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷന്‍ സെന്ററുകൾ, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

വയനാട് ജില്ലയിൽ ശക്തമായ മഴയാണ്. മഴ ശക്തമായതോടെ ജില്ലയിലെ ക്വാറികൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി ജില്ലാകലക്ടർ ഉത്തരവിറക്കി. മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവയ്ക്കും റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയ്ക്കുമാണ് നിയന്ത്രണം. ദുരന്ത സാദ്ധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തും മഴ ശക്തമാകുകയാണ്. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED TOPICS: WAYANAD RAIN, WAYANAD HOLIDAY, SCHOOL HOLIDAY, HEAVYRAIN, RAINALERT

Read News ⏭️

Back to top button