NEWS
‘ഹൊറർ സിനിമ’കളിലെ ദൃശ്യങ്ങൾ പോലെ; സർക്കാർ മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഭയാനകമെന്ന് ഹൈക്കോടതി

കൊച്ചി ∙ മൃഗങ്ങൾക്കു പോലും താമസിക്കാവുന്ന അവസ്ഥയല്ല സംസ്ഥാനത്തെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെന്ന രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഒരു നൂറ്റാണ്ടോളം പിന്നിൽ നിൽക്കുന്ന സ്ഥിതിയാണ് ഈ ആശുപത്രികളുടേത്. സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് സർക്കാർ ഒഴിഞ്ഞു മാറരുതെന്നും ഈ ശോച്യാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടി വേണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. തിരുവനന്തപുരം, തൃശൂർ മാനസികരോഗ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കോഴിക്കോട് ആശുപത്രിയിലും ഉടൻ സന്ദർശനം നടത്തുമെന്ന് കോടതി വ്യക്തമാക്കി.കൊളോണിയൽ കാലഘട്ടത്തിലേതുപോലെയാണ് ഇപ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്ന് കോടതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ഗേറ്റും കെട്ടിടത്തിന്റെ മുൻവശവും ബോർഡും എല്ലാം മോശമായി കിടക്കുകയാണ്. ‘ഹൊറർ സിനിമ’കളിലെ ദൃശ്യങ്ങൾ പോലെയാണ് പലയിടത്തേയും അവസ്ഥ. മാനസിക രോഗികളെ പാർപ്പിച്ചിരിക്കുന്ന മുറികളെ സെൽ എന്നുപോലും വിളിക്കാനാകില്ല. അവിടത്തെ കാഴ്ചകൾ കണ്ടിട്ട് പതറാത്തവർ മനുഷ്യരല്ല. ജയിൽപോലെ ഇരുമ്പഴിയുള്ള സെല്ലുകളാണ് ഇവിടെയുള്ളത്. സെല്ലിനുള്ളിൽ മുറിയുടെ നടുക്കായാണ് ടോയ്‌ലറ്റ്. ഒരു മറപോലുമില്ല. ഇതൊക്കെ എങ്ങനെയാണ് അനുവദിക്കുന്നതെന്നും കോടതി ചോദിച്ചു. അതേ സമയം, തങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുകയല്ലെന്നും ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാലാണ് നിലവിലെ അവസ്ഥയിലെങ്കിലും ഈ സ്ഥാപനങ്ങളുള്ളതെന്നും കോടതി പറഞ്ഞു.
Fashion ⏭️


