SPORTS
ഓർമകളിലെ ഓൾറൗണ്ട് വിസ്മയം

കോമൺവെൽത്ത് പ്രസ് യൂണിയന്റെ (സിപിയു) ജനറൽ അസംബ്ലി 2000 ഒക്ടോബറിൽ കരീബിയൻ രാജ്യമായ ബാർബഡോസിൽ നടന്നപ്പോഴാണ് ഞാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിനെ ആദ്യമായി പരിചയപ്പെടുന്നത്. ക്രിക്കറ്റിന്റെ സിംഹാസനങ്ങൾ കീഴടക്കി അദ്ദേഹം വിരമിച്ചതിനു വർഷങ്ങൾക്കു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. മദ്രാസിലെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ പൊരിവെയിലത്തു വിൻഡീസിന്റെ കളി കാണാൻ പോയത് എന്റെ ഓർമകളിലേക്കു സ്പിൻ ചെയ്തു വന്നു.ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെക്കുറിച്ച് ചോദിച്ചപ്പോൾ 93 വയസ്സുള്ള തന്റെ അമ്മയെക്കുറിച്ചാണ് സോബേഴ്സ് വാചലനായത്. അന്ന് എന്റെയും പത്നി ബീനയുടെയും ഡിന്നർ അദ്ദേഹത്തിനൊപ്പമായിരുന്നു. ഞങ്ങൾ മടങ്ങിയതും ഒരേ കാറിൽ. ബാർബഡോസിലെ ഗാർഫീൽഡ് സർക്കിൾ ചുറ്റി ഞങ്ങളുടെ വണ്ടി നീങ്ങിയപ്പോൾ ഞാനദ്ദേഹത്തിന് ഇൗ നഗരം നൽകിയ ആദരങ്ങൾ ഓർമിപ്പിച്ചു. അതിലൊന്നും അദ്ദേഹം വലിയ ആവേശം കാണിച്ചില്ല.ലോക ക്രിക്കറ്റിലെ പാർട്ടിമാൻ എന്നും അറിയപ്പെട്ടിരുന്നു സോബേഴ്സ്. ജീവിതം മതിമറന്ന് ആസ്വദിക്കുന്നവരാണ് വിൻഡീസുകാർ. തലേദിവസം രാത്രി പാർട്ടിയിൽ പങ്കെടുത്തു പിറ്റേദിവസം സെഞ്ചറി നേടുന്ന പ്രതിഭ വേറെ ആരുണ്ട്. ബാർബഡോസ് എന്ന കരീബിയൻ നാടിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു സോബേഴ്സ്. ലോകം മുഴുവൻ യാത്ര ചെയ്ത് സന്ദർശകരെ തങ്ങളുടെ കൊച്ചു ദ്വീപിലേക്ക് അദ്ദേഹം ക്ഷണിച്ചു. അദ്ദേഹത്തിന്റെ മകൻ മാത്യുവിനു ബാർബഡോസിൽ ഒരു മറീനയുണ്ടായിരുന്നു.
Auto ⏭️


