SPORTS

മത്സരശേഷം പാക്കിസ്ഥാൻ താരത്തെ കെട്ടിപ്പിടിച്ച് ഇന്ത്യൻ താരം ജമീമ റോഡ്രീഗ്സ്, വിഡിയോ വൈറൽ; പിന്നാലെ വൻ ചർച്ച


സതാംപ്ടൻ ∙ ‘ദ് ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരശേഷം പരസ്പരം കെട്ടിപ്പിടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ജമീമ റോഡ്രീഗ്സും പാക്കിസ്ഥാൻ ഓൾറൗണ്ടർ ഫാത്തിമ സനയും. സതേൺ ബ്രേവും ബെർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരശേഷം ഇരു താരങ്ങളും പരസ്പരം സംസാരിക്കുന്നതിന്റെയും ആശ്ലേഷിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കായിക മത്സരങ്ങൾക്കു ശേഷം പാക്കിസ്ഥാൻ താരങ്ങൾക്ക് കൈകൊടുക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ താരങ്ങൾക്കുള്ളത്. ഇരു ടീമുകളും ഒരു ഇന്നിങ്സിൽ നൂറു പന്തുകൾ കളിക്കുന്ന ‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിൽ സതേൺ ബ്രേവ് താരമാണ് ജമീമ റോഡ്രിഗ്സ്. പാക്ക് താരം ഫാത്തിമ സന ഉൾപ്പെട്ട ബെർമിങ്ഹാം ഫീനിക്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 24 റൺസിനാണ് സതേൺ ബ്രേവ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത സതേണ്‍ ബ്രേവ് 18 പന്തിൽ പുറത്താകാതെ 28 റൺസ് അടിച്ചുകൂട്ടിയ ജമീമയുടെയും ലിസെല്ലെ ലീ (43), മയ ബൗച്ചർ (45) എന്നിവരുടെ ബാറ്റിങ് കരുത്തിൽ നൂറു പന്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ബെർമിങ്ഹാം ഫീനിക്സിന് നൂറു പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനെ സാധിച്ചുള്ളൂ. എലിസ് പെറി 16 റൺസുമായും ഫാത്തിമ സന 5 റൺസുമായും പുറത്താകാതെ നിന്നു.  


Auto ⏭️

Back to top button