ലഹരി ഉറവിടം തകർക്കാൻ ഓപ്പറേഷൻ തൂഫാൻ 2.0, 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനാന്തര കേസുകൾ അന്വേഷിക്കാൻ പ്രത്യേക ടീം
തിരുവനന്തപുരം: ലഹരിമാഫിയയുടെ വേരറുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിലേക്ക്. 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ ലഹരിവില്പന തടയുന്നതിനായിരുന്നു പ്രധാന്യമെങ്കിൽ രണ്ടാംഘട്ടത്തിൽ ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആന്റി നാർക്കോട്ടിക്ക് ഇൻവെസ്റ്റിഗേഷൻ ടീമും രൂപീകരിച്ചു. തൂഫാൻ നോഡൽ ഓഫീസറും നോർത്ത് സോൺ ഐ.ജിയുമായ പുട്ട വിമലാദിത്യ ടീമിനെ നയിക്കും. അന്തർ സംസ്ഥാന- രാജ്യാന്തര ബന്ധമുള്ളതും ഉയർന്ന മൂല്യമുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണച്ചുമതല ഈ സംഘത്തിനായിരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായാണ് ടീമിന്റെ പ്രവർത്തനം.
തദ്ദേശസ്ഥാപനങ്ങളിൽ ജാഗ്രതാസമിതികൾ രൂപീകരിച്ച് ബോധവത്കരണം ശക്തമാക്കും. റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഉൾപ്പെടുത്തും. 28ന് തദ്ദേശസ്ഥാപനങ്ങളിൽ തൂഫാൻ പതാക ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസത്തിന് ‘തൂഫാൻ കെയർ”
ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസത്തിനു പ്രാധാന്യം നൽകി രൂപീകരിക്കുന്ന ‘തൂഫാൻ കെയർ” സംവിധാനവുമായി കൈകോർക്കാൻ 35 ആശുപത്രികൾ സന്നദ്ധത അറിയിച്ചെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഐ.എം.എയുടെ നേതൃത്വത്തിൽ തൂഫാൻ പുനരധിവാസ പ്രോട്ടോകോളും തയ്യാറാക്കുന്നു. ലഹരിയിൽനിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് സഹായത്തിന് ‘ആപ് ബേസ്ഡ് റെസ്പോൺസീവ് മെക്കാനിസ”വും ഒരുക്കും. പൊലീസ് സ്റ്റേഷനുകളിൽ പുനരധിവാസത്തിൽ പരിശീലനം നേടിയ 2 പൊലീസുകാരെ തൂഫാൻ മെന്റർമാരായി നിയോഗിക്കും.


