BUSINESS
എൽപിജി വിലയിൽ ആശ്വാസം, സിലിണ്ടറൊന്നിന് 200 രൂപ കുറച്ചു; വീടുകളിലെ അടുക്കള ഇനിയും കാത്തിരിക്കണം

രാജ്യത്തെ പാചക വാതക വിലയിൽ ആശ്വാസം. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 200 രൂപയോളം കുറച്ചു. കേരളത്തിൽ 197.50 രൂപ കുറഞ്ഞ് 2774 രൂപയായി. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയും കുറച്ചു. എന്നാൽ ഗാർഹിക ആവശ്യത്തിനു ഉപയോഗിക്കുന്ന 14.2 കിലോ ഭാരമുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. കേരളത്തിലെ വില 951 രൂപയിൽ തുടരും. ജൂണിൽ ഗാർഹിക സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചിരുന്നു. യുഎസ്-ഇറാൻ യുദ്ധത്തോടെ പ്രവർത്തന ചെലവ് കുത്തനെ ഉയർന്ന ഹോട്ടൽ, റെസ്റ്ററന്റ്, കാറ്ററിങ് മേഖലയ്ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടർ വില 180 രൂപയോളം കുറച്ചിരുന്നു. എന്നാൽ വില യുദ്ധത്തിനു മുൻപുള്ളതിനേക്കാൾ ഇപ്പോഴും ഉയർന്നാണ് നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എൽപിജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഭൂരിഭാഗവും വാങ്ങിയിരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും. ഇറാൻ യുദ്ധത്തോടെ ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം നിലച്ചതു ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. വാണിജ്യ സിലിണ്ടറുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും ബുക്കിങ് കാലാവധി വർധിപ്പിച്ചുമാണ് രാജ്യം ഇതിനെ നേരിട്ടത്. നിലവിൽ ഇത്തരം നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. ഇറാനും യുഎസും തമ്മിൽ വീണ്ടും സംഘർഷം തുടങ്ങിയതും ഹോർമുസിൽ തടസം നേരിട്ടതും കണക്കിലെടുത്ത് പുതിയ തന്ത്രങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യ. പശ്ചിമേഷ്യയ്ക്കു പുറമെ മറ്റ് വിപണികളിൽ നിന്നും ക്രൂഡോയിലും പാചക വാതകവും വാങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. നിലവിൽ രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണ, എൽപിജി സ്റ്റോക്കുണ്ട്. പൈപ്പ് ലൈൻ വഴിയുള്ള പാചക വാതക വിതരണം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമിക്കടിയിൽ ക്രൂഡോയിൽ ശേഖരം സൂക്ഷിക്കുന്നതു പോലെ പാചക വാതക ശേഖരം ഒരുക്കാനും സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യുഎസിൽ നിന്ന് വരുംപശ്ചിമേഷ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറച്ച് 2027ൽ യുഎസിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ടെന്നാണ് വിവരം. ആകെ ആവശ്യമായി വരുന്നതിന്റെ നാലിലൊന്നു പാചക വാതകമെങ്കിലും യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം. നിലവിൽ യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ സ്പോട്ട് വിപണികളിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നുണ്ട്. ഇതിനു പുറമെ ദീർഘകാല കരാർ പ്രകാരം വാങ്ങാനും പദ്ധതിയുണ്ട്. ജൂണിൽ 10 ലക്ഷം ടൺ എൽപിജിയാണ് യുഎസിൽ നിന്ന് വാങ്ങിയത്. അടുത്ത മാസങ്ങളിൽ ഇത് വർധിക്കാൻ സാധ്യതയുണ്ടെന്നും വിവരം.
Travel ⏭️


