SPORTS
21–ാം വയസ്സിൽ 42കാരനായ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചു, പിന്നാലെ വിവാഹമോചനം; 52–ാം വയസ്സിൽ ശതകോടീശ്വരനെ വിവാഹം കഴിച്ച് ജമീമ

ലണ്ടൻ ∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത് വീണ്ടും വിവാഹിതയായി. ശതകോടീശ്വരനായ സാമ്പത്തിക വിദഗ്ധൻ കാമറൂൺ ഒറെയ്ലിയും ജമീമയും തമ്മിൽ വിവാഹിതരായ കാര്യം അവരുടെ കുടുംബം സ്ഥിരീകരിച്ചു. സിനിമ, ഡോക്യുമെന്ററി സംവിധായകയായ 52 വയസ്സുകാരി ജമീമ, 2004ലാണ് ഒൻപതു വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇമ്രാൻ ഖാനുമായുള്ള ബന്ധം പിരിഞ്ഞത്. ഈ ബന്ധത്തിൽ സുലൈമാൻ, കാസിം എന്നിങ്ങനെ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്. ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടിയിലെ ജയിലിലാണ്.സിനിമാ, ഡോക്യുമെന്ററി മേഖലകളിൽ ഒരുമിച്ചു ജോലി ചെയ്തതിനു പിന്നാലെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ജമീമയുടെ പല പ്രോജക്ടുകളിലും കാമറൂൺ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷത്തിലേറെയായിരുന്ന ഇരുവരും ഡേറ്റിങ്ങിലായിരുന്നെന്നാണ് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ കാമറൂൺ, അന്തരിച്ച ഐറിഷ് മാധ്യമ ഭീമൻ സർ ആന്റണി ഒറെയ്ലിയുടെ മകനാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മാധ്യമ കമ്പനികളിലൊന്നായ എപിഎൻ ന്യൂസ് ആൻഡ് മീഡിയയുടെ (നിലവിൽ എആർഎൻ മീഡിയ) ചീഫ് എക്സിക്യൂട്ടീവായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ‘ബയാർഡ് ക്യാപിറ്റൽ’ എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം സ്ഥാപിച്ചു. മുൻ വിവാഹത്തിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്.ഇമ്രാൻ ഖാൻ പിന്നീട് 2018ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. 2022ൽ അദ്ദേഹം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും, അഴിമതി ആരോപണങ്ങളെത്തുടർന്ന് 2023ൽ ജയിലിലാവുകയും ചെയ്തു. അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണ്. തന്റെ ആദ്യ വിവാഹത്തിന് ശേഷം വ്യക്തിജീവിതം തികച്ചും സ്വകാര്യമായി സൂക്ഷിച്ചിരുന്ന ജമീമ, തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Auto ⏭️


