മാനസികാരോഗ്യ ബോധവത്കരണം ലക്ഷ്യം; മോട്ടോർസൈക്കിളിൽ അഖിലേന്ത്യാ പര്യടനം നടത്തുന്ന സെഹെർ

സെഹെർ ഹാഷ്മി
തൃശൂർ: മാനസികാരോഗ്യ ബോധവത്കരണ സന്ദേശവുമായി മോട്ടോർസൈക്കിളിൽ അഖിലേന്ത്യാ പര്യടനം നടത്തുന്ന മാനസികാരോഗ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ സെഹെർ ഹാഷ്മിയും സംഘവും തൃശൂരിലെത്തി. ‘ബിയോണ്ട് ദി ഹൊറൈസൺ എ റൈഡ് ഫൊർ റെസിലിയൻസ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി രാവിലെ 11ന് രാമവർമ്മപുരം വിമല കോളേജിലും ഉച്ചയ്ക്കുശേഷം രണ്ടിന് തൃശൂർ സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലും സെഹെർ വിദ്യാർത്ഥികളുമായും പൊതുജനങ്ങളുമായും സംവദിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവസമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ നാണക്കേടായി കാണുന്ന പൊതുബോധം തിരുത്തുക, വിഷമങ്ങൾ തുറന്നു സംസാരിക്കാനും ശാസ്ത്രീയ പരിഹാരങ്ങൾ തേടാനുമുള്ള അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഒമ്പതിന് സംസ്ഥാനത്തെത്തിയ സംഘം 18 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത്. ഉച്ചയ്ക്ക് 1.30ന് പരിഷത്ത്, യുവസമിതി പ്രവർത്തകരുടെ മോട്ടോർസൈക്കിൾ അകമ്പടിയോടെ സംഘം തൃശൂർ റൗണ്ട് ചുറ്റി സി.എം.എസ് സ്‌കൂളിലെത്തി. തുടർന്ന് എറണാകുളം ജില്ലയിലേക്ക് തിരിച്ചു.
സെഹെർ ഹാഷ്മി
നാടക പ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ അനന്തരവളും സാമൂഹിക പ്രവർത്തക ശബ്‌നം ഹാഷ്മി, ശാസ്ത്രജ്ഞൻ ഡോ. ഗോഹർ റാസ എന്നിവരുടെ വളർത്തുപുത്രിയുമാണ് സെഹെർ. കടുത്ത വിഷാദരോഗവും ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡറും മറികടന്ന സ്വന്തം അതിജീവനാനുഭവം മുൻനിറുത്തിയാണ് സെഹെർ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ‘ക്യാമ്പയിൻ പഹ്‌ചാൻ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് അഖിലേന്ത്യാ പര്യടനം.
English Summary
Mental health activist Seher Hashmi completed her Thrissur visit as part of an all-India motorcycle tour for awareness. Interacting with students and the public, her ‘Beyond the Horizon: A Ride for Resilience’ campaign aims to challenge mental health stigma. Organized by Kerala Sasthra Sahithya Parishad, the initiative encourages open dialogue and scientific solutions for mental well-being.
News ⏭️


