SPORTS

ഒരു ഫോർമാറ്റിൽ മാത്രം ക്യാപ്റ്റന്‍സി തുടരാം, ബിസിസിഐ നിര്‍ദേശം അംഗീകരിക്കാതെ ഹർമൻപ്രീത്; ഇനി സ്മൃതി മന്ഥന നയിക്കും


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം ഹർമൻപ്രീത് കൗർ രാജിവച്ചത് ബിസിസിഐ നിർദേശം മറികടന്നെന്നു വിവരം. ഏകദിന ഫോർമാറ്റിൽ ഹർമൻപ്രീത് തന്നെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുകയും, ട്വന്റി20, ടെസ്റ്റ് ക്യാപ്റ്റൻസികൾ സ്മൃതി മന്ഥനയ്ക്കു കൈമാറണമെന്നുമായിരുന്നു ബിസിസിഐയുടെ നിർദേശം. എന്നാൽ ബിസിസിഐ അവലോകന യോഗത്തിനു പിന്നാലെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് ഹർമൻപ്രീത് പ്രഖ്യാപിക്കുകയായിരുന്നു. 2028ലെ ട്വന്റി20 ലോകകപ്പും ലൊസാഞ്ചലസ് ഒളിംപിക്സും ലക്ഷ്യമിട്ട് സ്മൃതി മന്ഥനയ്ക്കു കീഴിൽ പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനാണു ബിസിസിഐ ലക്ഷ്യമിടുന്നത്. ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം തവണയും നോക്കൗട്ടിൽ കടക്കാതെ ഇന്ത്യ പുറത്തായതും ഹർമൻപ്രീതിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഇളകാൻ കാരണമായി.രാജ്യത്തിന് ആദ്യ വനിതാ ഏകദിന ലോകകപ്പ് സമ്മാനിച്ച ഹർമൻ സമൂഹമാധ്യമത്തിലൂടെയാണ് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. ‘‘ഞാൻ ഇന്ന് ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിയുകയാണ്. അത്ര എളുപ്പമായിരുന്നില്ല ഈ തീരുമാനത്തിൽ എത്താൻ. ‌ടീമിനൊപ്പമുള്ള വർഷങ്ങൾ നീളുന്ന ഓർമകളും ത്യാഗങ്ങളും എന്റെ കൂടെയുണ്ടാകും. ഞാൻ ഈ ടീമിനായി എല്ലാം നൽകി. ‌ടീമിന്റെ വിജയത്തിനായി വ്യക്തിപരമായ പല നേട്ടങ്ങളും വേണ്ടെന്നുവച്ചു. എന്റെ കടമ പൂർണമായി നിറവേറ്റി. വിമർശനങ്ങളും വിജയങ്ങളും ഒരുപോലെ രുചിച്ചു. പൂർണ സന്തോഷത്തോടെയും സമാധാനത്തോടെയും ഞാൻ ക്യാപ്റ്റൻസി ഒഴിയുകയാണ്. ക്യാപ്റ്റൻസി അവസാനിച്ചു; പക്ഷേ ക്രിക്കറ്റ് യാത്ര തുടരും’’ മുപ്പത്തിയേഴുകാരി ഹർമൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 2016ൽ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ഹർമൻ 2022ൽ ഏകദിന ടീമിന്റെയും അടുത്തവർഷം ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായി. 155 ട്വന്റി20 മത്സരങ്ങളിലും 51 ഏകദിനങ്ങളിലും 5 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചു.അതേസമയം ഷെഫാലി വർമയെ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനായും ദീപ്തി ശർമയെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സ്മൃതിയുടെ ക്യാപ്റ്റൻസിയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ടൂർണമെന്റ്. നാട്ടിൽ നടക്കുന്ന പരമ്പരയിൽ 3 വീതം ട്വന്റി20, ഏകദിന മത്സരങ്ങൾ അരങ്ങേറും. ഈ മാസം 16നും 18നും 20നും നടക്കുന്ന ട്വന്റി20യ്ക്കുള്ള സ്ക്വാഡിൽ മലയാളി താരം മിന്നു മണിയും ഇടം നേടി. 23നും 25നും 28നുമാണ് ഏകദിന മത്സരങ്ങൾ.


Auto ⏭️

Back to top button