NEWS
ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും രാജ്യത്തിന് പുറത്തേക്കില്ലെന്ന് വീണ്ടും വെല്ലുവിളിച്ച് ഇറാൻ; നിലവിലുള്ള യുറേനിയം ശേഖരം എവിടെ?

പശ്ചിമേഷ്യയെ യുദ്ധക്കടലിലാക്കിയ യുഎസ്,ഇറാൻ സംഘർഷത്തിൽ വഴിതിരിവാകുന്ന നിർണായക വിവരങ്ങൾ പുറത്ത്. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മുന്നോട്ടുവെച്ച സമാധാന ഫോർമുല ഇറാൻ പൂർണ്ണമായും തള്ളിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന പാക്കിസ്ഥാന്റെ നിർദ്ദേശമാണ് ഇറാനിയൻ സുരക്ഷാ മേധാവി കർശനമായി നിരസിച്ചിരിക്കുന്നത്. ഒരു ഗ്രാം യുറേനിയം പോലും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഇത് ഇറാന്റെ ദേശീയ സമ്പാദ്യമാണെന്നുമാണ് ടെഹ്റാന്റെ നിലപാട്.മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാനിൽ സന്ദർശനം നടത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനോട് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി ഇക്കാര്യം വ്യക്തമാക്കിയത്. “ഇറാന്റെ സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കളുടെ ഒരു ചെറിയ തരി പോലും രാജ്യം വിടില്ലെന്ന്,” റെസെയ് പറഞ്ഞു. അമേരിക്ക ആദ്യം ഉപരോധങ്ങൾ പിൻവലിച്ച് വിശ്വാസ്യത തെളിയിക്കണമെന്നും, അതിനുശേഷമേ ഏതെങ്കിലും തരത്തിലുള്ള ചർച്ചകളെക്കുറിച്ച് ആലോചിക്കാനാകൂ എന്നും ഇറാൻ പ്രസിഡന്റും വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഒരിക്കലും വഴങ്ങില്ലെന്നും ഇറാൻ ആവർത്തിച്ചു.അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പുകളെയും ഉപരോധങ്ങളെയും അതിജീവിച്ച്, സ്വന്തം കാലിൽ നിൽക്കാൻ ശക്തമായ ഒരു ആണവ സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു ഇറാന്റെ അവകാശവാദം. സമാധാനപരമായ ആവശ്യങ്ങൾക്ക് (വൈദ്യുതി ഉത്പാദനം, വൈദ്യശാസ്ത്രം തുടങ്ങിയവ) വേണ്ടിയാണ് തങ്ങൾ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് എന്നാണ് ഇറാൻ ഔദ്യോഗികമായി പറയുന്നത്.
Fashion ⏭️




