BUSINESS
ഇന്ത്യൻ കപ്പൽപടയുടെ പ്രധാനപങ്കും പിറവിയെടുക്കുന്നത് കൊച്ചിയിൽ, 11,900 കോടിയുടെ ബിസിനസ്, അറ്റകുറ്റപ്പണിക്ക് 7800 കോടി

കൊച്ചി ∙ ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു കവചമൊരുക്കുന്ന ‘കപ്പൽപ്പട’യുടെ പ്രധാന പങ്കും പിറവിയെടുക്കുന്നതു കൊച്ചിൻ ഷിപ്യാഡിന്റെ (സിഎസ്എൽ) യാഡുകളിൽ. സിഎസ്എലിന്റെ മൊത്തം ഓർഡർ ബുക്ക് മൂല്യമായ 21,900 കോടി രൂപയിൽ 54 ശതമാനവും പ്രതിരോധ മേഖലയുടെ സംഭാവനയാണ്; 11,900 കോടി രൂപ. ഇത് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന നാവിക യാനങ്ങളുടെ നല്ലൊരു പങ്കു വരും. തദ്ദേശീയമായി ഇന്ത്യ നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്താണു സിഎസ്എലിനെ പ്രതിരോധ യാനങ്ങളുടെ നിർമാണ രംഗത്ത് ആഗോള ശ്രദ്ധയിലെത്തിച്ചത്. ഇതിനകം, കോസ്റ്റ് ഗാർഡിനായി (ഫാസ്റ്റ് പട്രോൾ വെസൽസ്) ഇരുപതും ബിഎസ്എഫിനു വേണ്ടി (ഫ്ലോട്ടിങ് ബോർഡർ ഔട്പോസ്റ്റ് വെസൽസ്) ഒൻപതും ഡിആർഡിഒയ്ക്കായി (ടെക്നോളജി ഡെമോ വെസൽ) ഒന്നും യാനങ്ങളാണു നിർമിച്ചത്. ആന്റി സബ് മറൈൻ വാർഫെയർ എസ്ഡബ്ല്യു കോർവെറ്റ്സ്, നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസൽസ് തുടങ്ങി വിവിധയിനം യാനങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. കൂടുതൽ കപ്പലുകളെത്തും, റിപ്പയറിന് വാണിജ്യ യാനങ്ങളുടെ വിഹിതം 7,800 കോടി രൂപയാണ്. ഇതിൽ 7200 കോടി രൂപയുടെ കരാറുകളും വിദേശ രാജ്യങ്ങളിൽ നിന്നാണ്; 1600 കോടിയുടേതാണ് ഇന്ത്യൻ കരാറുകൾ. ഇവയെല്ലാം പുതിയ കപ്പലുകളുടെ നിർമാണ കരാറുകളാണ്. കപ്പലുകളുടെ അറ്റകുറ്റപ്പണിയിലും സിഎസ്എൽ രാജ്യാന്തരതലത്തിൽ നേട്ടമുണ്ടാക്കുന്നുണ്ട്. 1,200 കോടി രൂപയുടെ കരാറുകളാണു നിലവിലുള്ളത്. ദുബായ് പോർട്ട് വേൾഡിനു (ഡിപി വേൾഡ്) കീഴിലുള്ള ഡ്രൈ ഡോക്സ് വേൾഡുമായി (ഡിഡിഡബ്ല്യു) ചേർന്നു സംയുക്ത സംരംഭം രൂപീകരിച്ചതോടെ കപ്പലുകളുടെ അറ്റകുറ്റപ്പണികളിൽ ആഗോളതലത്തിൽ മത്സരക്ഷമത നേടാൻ കഴിയുമെന്നാണു സിഎസ്എൽ പ്രതീക്ഷിക്കുന്നത്.നേട്ടമെടുക്കാൻ വേണം കൂടുതൽ ശ്രമം സിഎസ്എൽ ആഗോളതലത്തിൽ വളർന്നുവെങ്കിലും ആ സാധ്യതകൾ ഇനിയും ഉപയോഗപ്പെടുത്താൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഉൽപന്നങ്ങളും നിർമിക്കുന്ന വൻകിട, ചെറുകിട നിർമാതാക്കൾ കേരളത്തിൽ വളരെ കുറവാണ്. ഐഎൻഎസ് വിക്രാന്തിന്റെ നിർമാണത്തിൽ 512 ചെറുകിട സംരംഭകരുടെ പങ്കാളിത്തമുണ്ടായിരുന്നെങ്കിലും കേരളത്തിൽ നിന്നുള്ള കമ്പനികൾ വിരളമായിരുന്നു.
Travel ⏭️




