SPORTS

മനസ്സുകൊണ്ട് അന്നും ഇന്നും ‘മലയാളിപ്പയ്യൻ’; അവസരങ്ങളെക്കുറിച്ച് ആശങ്കപ്പെടാനില്ല: മനസ്സു തുറന്ന് ദേവ്ദത്ത് പടിക്കൽ


ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ സൂപ്പർ ജയത്തിൽ ഒരു ‘മലയാളി ടച്ച്’ ഉണ്ടായിരുന്നു; മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ദേവ്ദത്ത് പടിക്കലിലൂടെ. ജനിച്ചത് എടപ്പാളിലാണെങ്കിലും പിന്നാലെ മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പോയ ദേവ്ദത്ത് നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ്. കളിക്കുന്നത് കർണാടക ടീമിനു വേണ്ടിയാണെങ്കിലും മനസ്സുകൊണ്ട് ഈ ഇരുപത്തിയാറുകാരൻ താരം അന്നും ഇന്നും ‘മലയാളിപ്പയ്യൻ’ ആണ്. തന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയുടെ സന്തോഷവുമായി ദേവ്ദത്ത് മനോരമയോടു സംസാരിക്കുന്നു…ആദ്യമായി എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം നേരുന്നു. ഞാനും വളരെ സന്തോഷത്തിലാണ്. ടെസ്റ്റ് ടീമിൽ വീണ്ടും അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തണമെന്നുണ്ടായിരുന്നു. അതു സാധിച്ചു. ടീമിന്റെ വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ സെഞ്ചറിയെക്കുറിച്ചോ റെക്കോർഡുകളെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. പരമാവധി നേരം ക്രീസിൽ തുടരാനും ടീമിന് കഴിയുന്നത്ര റൺസ് നേടിക്കൊടുക്കാനുമാണ് ശ്രമിച്ചത്. ഗോളിലെ കാലാവസ്ഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചു.സത്യം പറഞ്ഞാൽ, ബാറ്റിങ് ഓർഡറോ കളിക്കുന്ന ഫോർമാറ്റോ എന്നെ കാര്യമായി ബാധിക്കാറില്ല. സാഹചര്യത്തിന് അനുസരിച്ചു കളിക്കുക എന്നതാണ് ഒരു ബാറ്ററുടെ ധർമം. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ കൃത്യമായ നിർദേശം ബാറ്റിങ്ങിന് ഇറങ്ങുംമുൻപ് ടീമിൽനിന്ന് നമുക്കു ലഭിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ ആ നിർദേശങ്ങൾ നടപ്പാക്കാനാണ് പിന്നീടുള്ള ശ്രമം. ടെസ്റ്റിൽ അൽപം കൂടി ക്ഷമയും ഏകാഗ്രതയും വേണം. സാഹചര്യത്തിന് അനുസരിച്ച് ബാറ്റിങ് ക്രമീകരിക്കേണ്ടിവരും. എപ്പോഴും ടീം ആവശ്യപ്പെടുന്ന രീതിയിൽ ബാറ്റ് ചെയ്യാനാണ് ശ്രമിക്കാറുള്ളത്.


Auto ⏭️

Back to top button