NEWS
നിർത്തുന്നതിനു മുൻപ് ഇറങ്ങി; ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിലേക്കു വീണ് വിദ്യാർഥിനിയുടെ കാൽപാദം അറ്റു

ചേർത്തല ∙ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിലേക്കു വീണ വിദ്യാർഥിനിയുടെ വലതുകാൽപാദം അറ്റു. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകൾ കാർത്തികയാണ് അപകടത്തിൽപെട്ടത്. അറ്റുപോയ കാൽപാദം സ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്ത് എൽഎൽബിക്കു പഠിക്കുന്ന കാർത്തിക കൊച്ചുവേളി–മൈസൂരു ട്രെയിനിലാണു ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയത്.ട്രെയിൻ നിർത്തുന്നതിനു മുൻപ് ഇറങ്ങുന്നതിനിടെ കാൽതെറ്റി ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. ട്രെയിനിന്റെ ചക്രങ്ങൾ കയറിയാണ് കാൽപാദം അറ്റത്. കാലിനും കൈക്കും ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് സ്ഥലത്തുണ്ടായ യാത്രക്കാരും പൊലീസും ചേർന്നു കാർത്തികയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാർത്തികയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മ നിഷയും ഇരട്ട സഹോദരി രോഹിണിയും സ്റ്റേഷനിൽ എത്തിയിരുന്നു. ചേർത്തല സ്വകാര്യ ആശുപത്രിയിൽ നിന്ന് കാർത്തികയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാൽപാദം തുന്നിച്ചേർക്കാൻ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട്.
Fashion ⏭️


