SPORTS
ബിസിസിഐയിൽ അപ്രതീക്ഷിത നീക്കം; അജിത് അഗാർക്കർ പുറത്തേയ്ക്ക്? പകരം മുൻ ഇന്ത്യൻ താരം ചീഫ് സിലക്ടറായേക്കും

മുംബൈ ∙ ബിസിസിഐ ചീഫ് സിലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കറെ ഒരു മാസത്തിനകം നീക്കുമെന്ന് റിപ്പോർട്ടുകൾ. അഗാർക്കറുമായുള്ള കരാർ 2026 ജൂണിൽ അവസാനിക്കേണ്ടതായിരുന്നെങ്കിലും ബിസിസിഐ അദ്ദേഹത്തിന് മൂന്നു മാസം കാലാവധി നീട്ടിനൽകിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ കാലാവധി വീണ്ടും നീട്ടിനൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗാർക്കറെ മാറ്റുന്ന കാര്യത്തിൽ ബിസിസിഐയിൽ ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഗാർക്കർക്കു പകരം മുൻ ഇന്ത്യൻ താരവും നിലവിൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് മേധാവിയായ വി.വി.എസ് ലക്ഷ്മണെ ചീഫ് സിലക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കമെന്നും സൂചനയുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ അപ്രതീക്ഷിത നീക്കങ്ങൾ. ഇന്ത്യൻ ഏകദിന ടീമിൽ രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലിയുണ്ടായ ചർച്ചകളാണ് ഇതിൽ പ്രധാനം. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയോടെ രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി, ഗൗതം ഗംഭീർ നയിക്കുന്ന ടീം മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നതായും വിവരമുണ്ടായിരുന്നു. രോഹിത് ടീമിന്റെ പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം അദ്ദേഹം കളിക്കുമെന്ന് സൈകിയ പ്രസ്താവനയിൽ വ്യക്തമാക്കി. ‘‘രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമാണ്. അദ്ദേഹം ടീമിന്റെ പദ്ധതികളിൽ ഉള്ളിടത്തോളം കാലം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. അതായത്, ലോർഡ്സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല.’’– സൈകിയ പറഞ്ഞു. ഇതോടെ സിലക്ടർമാർ കൂടുതൽ പ്രതിരോധത്തിലായി. ഈ സംഭവവികാസങ്ങൾക്കിടെയാണ് അഗാർക്കറെ മാറ്റാനും ബിസിസിഐ ആലോചിക്കുന്നത്.
Auto ⏭️


