SPORTS
ഏഷ്യൻ ഗെയിംസിലും മെഡൽ കൊടുക്കുന്നത് പാക്ക് മന്ത്രി മൊഹ്സിൻ നഖ്‌വി? ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സ്വീകരിക്കേണ്ടി വരും: റിപ്പോർട്ട്

നഗോയ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ മെഡലുകൾ സ്വീകരിക്കേണ്ടി വരുക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്നായേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യൻ ഗെയിംസിലെ നിലവിലെ ചാംപ്യന്മാരായ ഇരു ഇന്ത്യൻ ടീമുകളും ഐച്ചി-നാഗോയ ഗെയിംസിലും സ്വർണ മെഡൽ നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളാണ്. എന്നാൽ ജേതാക്കൾക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ മൊഹ്സിൻ നഖ്‌വിയാകും മെഡൽ സമ്മാനിക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് മൊഹ്സിൻ നഖ്‌വി.‘‘ഒസിഎ നിയമങ്ങളും ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) ഉന്നത വൃത്തങ്ങളും നൽകുന്ന സൂചനകൾ പ്രകാരം, ഖത്തറിൽ നിന്നുള്ള ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ ഥാനി ഔദ്യോഗികമായ ഈ ചുമതല നഖ്‌വിക്ക് കൈമാറുകയാണെങ്കിൽ, ഇന്ത്യൻ താരങ്ങൾ മെഡലുകൾ സ്വീകരിക്കേണ്ടി വരും. ഇത് നിരസിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും അതിന്റെ അംഗീകൃത പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കപ്പെടും, ഇത് അച്ചടക്ക നടപടികൾക്ക് വരെ കാരണമായേക്കാം.’’– ‘ദ് ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു.ഒസിഎ ഭരണഘടനയിലെയും ചട്ടങ്ങളിലെയും ആർട്ടിക്കിൾ 66 അനുസരിച്ച് (‘വിക്ടറി ആൻഡ് മെഡൽസ് സെറിമണി’ എന്ന വിഭാഗത്തിന് കീഴിൽ), വിജയികൾക്കുള്ള മെഡലുകൾ സമ്മാനിക്കുന്നത് ഒസിഎ പ്രസിഡന്റാണ്, കൂടാതെ ഈ ചുമതല മറ്റ് ഒസിഎ അംഗങ്ങൾക്ക് കൈമാറാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്. ഗെയിംസിന്റെ മെഡൽ വിതരണ ചടങ്ങുകളിൽ യാതൊരുവിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളോ, വാണിജ്യ-രാഷ്ട്രീയ-മത-വംശീയ പ്രചാരണങ്ങളോ അനുവദിക്കുന്നതല്ലെന്നും നിയമത്തിൽ പറയുന്നു.
Auto ⏭️


